ഗൂ​ഗിള്‍ മാപ്പ് ‘ചതിച്ചു’; കുടുംബം അര്‍ധ രാത്രി കൊടുംകാട്ടില്‍

മൂന്നാര്‍: വഴി തെറ്റി രാത്രി മുഴുവന്‍ കൊടും കാട്ടില്‍ അകപ്പെട്ട കുടുംബത്തെ മൂന്നാര്‍ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ ഡ്രൈവ് ചെയ്താണ് കുടുംബത്തിന് വഴി മാറിയത്. തൃശൂര്‍ സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മേയ്മ, ബന്ധു ഷാന എന്നിവരാണ് കാട്ടില്‍പ്പെട്ടത്.

മാട്ടുപ്പെട്ടിയില്‍ ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ വിലസുന്ന കുറ്റ്യാര്‍വാലി വനത്തിലാണ് കുടുംബം കുടുങ്ങിയത്. ദേവികുളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇവര്‍ ടോപ് സ്റ്റേഷനും വട്ടവടയും സന്ദര്‍ശിച്ച്‌ തിരിച്ച്‌ വരികയായിരുന്നു.

റിസോര്‍ട്ടിലെത്താന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി. മാട്ടുപ്പെട്ടി എട്ടാം മൈലില്‍ എത്തിയപ്പോള്‍ മൂന്നാര്‍ റൂട്ടില്‍ നിന്നു തിരിഞ്ഞ് കുറ്റ്യാര്‍വാലി റൂട്ടിലേക്ക് പ്രവേശിച്ചു. ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ചു വീണ്ടും വഴി തെറ്റുകയായിരുന്നു.

വഴി അറിയാതെ തേയിലത്തോട്ടത്തിലൂടെയും വനത്തിലൂടെയും അഞ്ച് മണിക്കൂര്‍ കറങ്ങിയ ഇവരുടെ വാഹനം അര്‍ധ രാത്രി കൊടും കാട്ടില്‍ ചെളിയില്‍ പൂണ്ടു. മൊബൈല്‍ സിഗ്നല്‍ ദുര്‍ബലമായിരുന്ന ഇവിടെ നിന്ന് ഇവര്‍ ഫയര്‍ഫോഴ്‌സിന്റെ നമ്പറിലേക്ക് ലൊക്കേഷന്‍ അയച്ചു സന്ദേശം നല്‍കി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജിഖാന്റെ നേതൃത്വത്തില്‍ ഒന്‍പതം​ഗ സംഘം പുലര്‍ച്ചെ ഒന്നരയോടെ കുറ്റ്യാര്‍വാലിയിലെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ലൊക്കേഷന്‍ മാപ്പില്‍ ഇവര്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല.

ഫയര്‍ഫോഴ്‌സ്‌ സംഘം റേഞ്ച് ഉള്ള ഭാഗത്തെത്തി വീണ്ടും ബന്ധപ്പെട്ടു. കുറ്റ്യാര്‍വാലിയിലെ ഉയര്‍ന്ന പ്രദേശത്തെത്തി വാഹനത്തിന്റെ സെര്‍ച്ച്‌ ലൈറ്റ് പ്രകാശിപ്പിച്ചു. ഈ വെളിച്ചം കണ്ടതോടെ കാട്ടില്‍ കുടുങ്ങിയ സംഘം അവരുടെ കാറിന്റെ ലൈറ്റ് ഇട്ടു. അങ്ങനെ നാല് മണിയോടെ രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ അടുത്തെത്തി. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ വാഹനം ചെളിയില്‍ നിന്നു കരയ്ക്കുകയറ്റി സംഘത്തെ കാടിനു വെളിയില്‍ എത്തിച്ചു.

കാട്ടാനകളുടെ താവളമായ ഈ മേഖലയില്‍ എട്ട് വര്‍ഷം മുന്‍പ് തോട്ടം തൊഴിലാളി സ്ത്രീയെ കടുവ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ തമ്പി ദുരൈ, വികെ ജീവന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

spot_img

Related Articles

Latest news