എട്ട് വി.സിമാരുടെ ശമ്ബളം തിരിച്ചുപിടിക്കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള സംഘര്‍ഷം മുറുകവേ, എട്ട് വി.സിമാരുടെ ശമ്ബളം തിരിച്ചുപിടിക്കാനുള്ള നടപടിയുമായി രാജ്ഭവന്‍.

നിയമനം അസാധുവാണെന്ന് കാട്ടി, നിയമിച്ച ദിവസം മുതലുള്ള ശമ്ബളം തിരിച്ചുപിടിക്കാനാണ് നീക്കം. ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടന്‍ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് വിവരം.

വി.സിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ നീക്കം. കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്ന് ഓ‍ര്‍മിപ്പിച്ച്‌ ഗവര്‍ണര്‍ വി.സിമാര്‍ക്ക് വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിനെതിരെ നിരന്തരം നീക്കം നടത്തുന്ന ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 15ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ പരിപാടി നടക്കും. നവംബര്‍ 3 മുതല്‍ 12 വരെ ക്യാമ്ബസുകളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. 15ന് രാജ്ഭവന്‍റെ മുന്നില്‍ ചുരുങ്ങിയത് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധവുമാണ് സംഘടിപ്പിക്കുന്നത്.

ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസിനു മറുപടിനല്‍കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഏഴ് വി.സി മാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വി.സിമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

ഒക്ടോബര്‍ 23നാണ് സംസ്ഥാനത്തെ ഒമ്ബത് സര്‍വകലാശാലകളിലെ വി.സിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം യു.ജി.സി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് മറ്റ് സര്‍വകലാശാല വി.സിമാരുടെ നിയമനത്തിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. എന്നാല്‍, വി.സിമാര്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസിനു മറുപടിനല്‍കുന്നത് വരെ സ്ഥാനത്ത് തുടരാമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

spot_img

Related Articles

Latest news