കൽപ്പറ്റ: പത്ര- ദൃശ്യ- ഓൺലൈൻ ഭേദമില്ലാതെ മുഴുവൻ മാധ്യമപ്രവർത്തകർക്കും ക്ഷേമ നിധി ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ടതുണ്ടെന്ന് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ. പറഞ്ഞു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ലാ ജനറൽ ബോഡി യോഗവും അംഗത്വ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ ലോകത്ത് വന്ന കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രാദേശിക ഓൺലൈൻ മാധ്യമ പ്രവർത്തകരും അംഗീകരിക്കപ്പെടേണ്ടതാണ്’ .ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എം.എൽ.എ. പറഞ്ഞു.
ആരോഗ്യ സർവ്വകലാശാലാ സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷാനവാസ് പള്ളിയാലിനെ
ചടങ്ങിൽ ആദരിച്ചു.
ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു.
മാധ്യമ ലോകവും കുത്തകകൾ കൈയ്യടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രാദേശിക മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടന്നും പ്രാദേശിക മാധ്യമ കൂട്ടായ്മകൾക്ക് ഇടതുപക്ഷ പിന്തുണയുണ്ടന്നും സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു. വർത്തമാനകാല സാഹചര്യങ്ങളിൽ വികസന താൽപ്പര്യങ്ങൾക്കും കാർഷിക പ്രശ്ന പരിഹാരത്തിനും മാധ്യമങ്ങൾ നേതൃത്വം വഹിക്കേണ്ടതുണ്ടന്ന് വയനാട് ഡി .സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,
എൻ.സി.പി. വയനാട് ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ബി. നായർ,
ഒമാക് സംസ്ഥാന പ്രസിഡണ്ട് സത്താർ പുറായിൽ , സെക്രട്ടറി ഫാസിൽ തിരുവമ്പാടി, ട്രഷറർ ജോൺസൺ പുതുപ്പാടി, ജില്ലാ സെക്രട്ടറി അൻവർ സാദിഖ് ,
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തംഗം ജാസിർ പിണങ്ങോട്,
എഫ്.പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ
വിവിധ രാഷ്ട്രീയ പാർട്ടി – സംഘടനാ പ്രതിനിധികൾ, ഒമാക് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.