തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ത്രീധനം വാങ്ങുകയോ കൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് വനിത ശിശു വികസന വകുപ്പിന്റെ ഉത്തരവ്. സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരില്‍ നിന്ന് മേധാവികള്‍ വാങ്ങിസൂക്ഷിക്കേണ്ടതാണെന്ന് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഇത്തരത്തില്‍ വാങ്ങി സൂക്ഷിക്കുന്ന സാക്ഷ്യപത്രങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആറുമാസം കൂടുമ്പോള്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്. ചീഫ് ഡവറി പ്രൊഹിബിഷന്‍ ഓഫീസറാണ് ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.