സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ താൻ വന്ദേമാതരം പൂർണ്ണമായും ആലപിക്കുമെന്ന് നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ.ദേശീയ ഗീതാമാലപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. “വന്ദേമാതരം ഞാൻ പൂർണമായും പാടും. അത് തന്നെയാണ് തന്റെ സന്ദേശം,”എന്നായിരുന്നു ഗവർണർ പറഞ്ഞത്. അതിനിടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാൻ നിർദേശം നല്‍കിയിട്ടില്ലെന്ന് ലോക്ഭവൻ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പാലിക്കേണ്ട മാർഗ നിർദേശങ്ങള്‍ ഉള്‍പ്പെടുത്തി ഓഗസ്റ്റ് നാലാം തീയതിയാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസം കഴിഞ്ഞാണ് സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങള്‍ പൂർണ്ണമായി പാലിക്കണമെന്ന നിർദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു നിർദേശവും പുറത്തിറക്കിയിട്ടില്ലെന്നാണ് ലോക്ഭവന്റെ വിശദീകരണം. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദേശിച്ചതെന്നു പറഞ്ഞായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാല്‍ ലോക്ഭവന്റെ വിശദീകരണം വന്നതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്. വന്ദേമാതരം പൂര്‍ണമായും പാടാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. വിവാദ സർക്കുലർ ചൂണ്ടിക്കാട്ടി, സർക്കാർ പൂർണമായും ആർഎസ്‌എസ് അജണ്ടകള്‍ക്ക് കീഴ്പ്പെട്ടതായി ആരോപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

