ഇരുമുടി കെട്ടുമേന്തി മല ചവിട്ടി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല ദര്‍ശനം നടത്തി. ഞായറാഴ്ച വൈകുന്നേരം 5.10 ഓടെ പമ്പയില്‍ നിന്ന് ഇരുമുടി നിറച്ച്, കെട്ടുമേന്തി സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നാണ് ശബരിമല ദര്‍ശനത്തിനെത്തിയത്.
ദര്‍ശനത്തിനെത്തിച്ചേര്‍ന്ന ഗവര്‍ണറെ വലിയ നടപ്പന്തലിനു മുന്നില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് അഡ്വ. എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ എസ് രവി, ദേവസ്വം കമീഷണര്‍ ബി എസ് തിരുമേനി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചു. പടിപൂജയ്ക്ക് ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി. ഗവര്‍ണര്‍ തിങ്കളാഴ്ച രാവിലെയും ദര്‍ശനം നടത്തും. അതിനുശേഷം മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവര്‍ണര്‍ ചന്ദന തൈ നടും. പിന്നീട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷമായിരിക്കും മടക്കയാത്ര. ഗവര്‍ണര്‍ക്കൊപ്പം ഇളയമകന്‍ കബീര്‍ മുഹമ്മദ് ഖാനും അയ്യപ്പദര്‍ശനത്തിനായി എത്തിയിരുന്നു.