സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറങ്ങി. ജനറൽ വാർഡുകൾക്ക് എല്ലാ ചെലവുകളും ഉൾപ്പെടെ 2645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഒരു ദിവസം ജനറൽ വാർഡിൽ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ എന്നും വിജ്ഞാപനത്തിൽ പറയുന്നു.
കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കിയത്. രജിസ്ട്രേഷൻ, കിടക്ക, നേഴ്സിങ് ചാർജ് തുടങ്ങിയവ അടക്കമുള്ളവ ഉൾപ്പെടെ 2645 രൂപ മാത്രമേ ജനറൽ വാർഡുകളിൽ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം.
സിടി സ്കാൻ അടക്കമുള്ള പരിശോധനകൾക്ക് അധിക ചാർജ് ഈടാക്കാം. ജനറൽ വാർഡിൽ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവിൽ ആണെങ്കിൽ അഞ്ച് പിപിഇ കിറ്റുകൾ വരെ ആകാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വിൽപന വിലയിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ലെന്നും വിജ്ഞാപനത്തിലുണ്ട്.
ഏതെങ്കിലും കാരണവശാൽ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകാം. നേരിട്ടോ ഇ-മെയിൽ വഴിയോ പരാതി നൽകാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയിൽനിന്ന് ഈടാക്കും എന്നാണ് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാർ നിശ്ചയിച്ച നിരക്കിൽ കോവിഡ് ചികിത്സ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികൾ കോടതിയിൽ വ്യക്തമാക്കി. സിടി സ്കാൻ അടക്കമുള്ളവയക്ക് 4000-5000 രൂപയാകും. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്സുമാർ ജോലിചെയ്യുന്നത്. എട്ട് മണിക്കൂറിൽ കൂടുതൽ ഒരു പിപിഇ കിറ്റ് ധരിക്കാൻ സാധിക്കില്ല. സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കാര്യങ്ങൾ പരിഗണിച്ചു കൊണ്ടുവേണം വിധി പറയാനെന്നും അവർ കോടതിയെ അറിയിച്ചു.