കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ പെട്രോള്‍ ലിറ്ററിന് 55 രൂപയ്ക്ക് ലഭിക്കും
കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ജി. എസ്. ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജി. എസ്. ടി കൗണ്‍സിലും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. ഇന്ധനവില നിര്‍ണയം ഒരു ’മഹാഭയങ്കര ധര്‍മ്മസങ്കട’ മാണ്. ഇന്ധനവില കുറയ്ക്കാതെ ആരെയും തൃപ്തിപ്പെടുത്താനാവില്ല.
ജി. എസ്. ടി ബാധകമാക്കിയാല്‍ രാജ്യത്താകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന ഒറ്റ നികുതിയാകും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഗൗരവമായ ചര്‍ച്ചകളിലൂടെയേ ഇതു സാദ്ധ്യമാകൂ. ജി.എസ്.ടി കൗണ്‍സിലിന്റെ അംഗീകാരവും വേണം. കേന്ദ്രം ഇപ്പോള്‍ ഇത്രയും എക്സൈസ് നികുതി കുറയ്ക്കുമെന്ന് പറയുന്ന കേന്ദ്രമന്ത്രിയല്ല ഞാന്‍. കേന്ദ്രം കുറച്ചാല്‍ സംസ്ഥാനങ്ങള്‍ കുറയ്ക്കുമോ? എല്ലാവര്ക്കും ഇപ്പോള്‍ പണവും വരുമാനവും അനിവാര്യമാണ് . എണ്ണക്കമ്പനികളാണ് വില നിര്‍ണയിക്കുന്നത്. കേന്ദ്രത്തിന് ഇടപെടാനാവില്ല. ഈ സാഹചര്യത്തില്‍ ഉപഭോക്താവിന് താങ്ങാവുന്ന നിലയിലേക്ക് വില കുറയ്ക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തണം.
ജി.എസ്.ടി വന്നാല്‍
പെട്രോളിന് 32.90 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര എക്സൈസ് നികുതി. സംസ്ഥാന വില്പന നികുതി പെട്രോളിന് 20.66 രൂപ; ഡീസലിന് 15.95 രൂപ. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും ചരക്കുകൂലിയും പെട്രോളിന് 3.68 രൂപയും ഡീസലിന് 2.51 രൂപയും ഡീലര്‍ കമ്മിഷനുമുണ്ട്. ജി.എസ്.ടി വന്നാല്‍, ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം ഏര്‍പ്പെടുത്തിയാലും വില കുത്തനെ കുറയും.
സംസ്ഥാനങ്ങൾ അനുകൂലിക്കില്ല
നിലവിലുള്ള വരുമാനം കുറയുന്നതിനാല്‍ ജി.എസ്.ടിയെ ഒരു സംസ്ഥാനവും അനുകൂലിക്കാനിടയില്ല. നിലവിലുള്ള നികുതി അധികാരം വിട്ടുകൊടുക്കില്ല. ജി.എസ്. ടിയില്‍ സംസ്ഥാനത്തിനുണ്ടാവുന്ന നികുതി വരുമാന നഷ്ടം ആരു നികത്തുമെന്നാവും ചോദ്യം. ജി.എസ്.ടിയില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും 14ശതമാനം വീതം നികുതിയാണ് കിട്ടുക. 28 ശതമാനമാണ് ജി.എസ്.ടിയുടെ ഏറ്റവും വലിയ സ്ലാബ് . ഇതില്‍ കൂട്ടണമെങ്കില്‍ നികുതി ഘടന മാറ്രേണ്ടിവരും. 28 ശതമാനം ജി.എസ്.ടി ഈടാക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് ശരാശരി 20 രൂപ കിട്ടുന്ന സ്ഥാനത്ത് സംസ്ഥാനങ്ങൾക്ക് ആറു രൂപയോളമേ കിട്ടൂ. കേന്ദ്രത്തിനും സമാനമായ നികുതി നഷ്ടമുണ്ടാകും. എന്നാല്‍ രാജ്യത്തെല്ലായിടത്തും പെട്രോള്‍വില 55 രൂപയില്‍ താഴെ ആകും.
പെട്രോള്‍ വില കുറയുന്നത്
ഫെബ്രുവരി 16ന് പെട്രോള്‍ അടിസ്ഥാന വില ലിറ്ററിന് 31.82 രൂപ. കേന്ദ്ര-സംസ്ഥാന നികുതികളും ചരക്കുകൂലിയും ഡീലര്‍കമ്മിഷനും ചേരുമ്ബോള്‍ പമ്പിലെ വില 89.34 രൂപ. ജി.എസ്.ടിയില്‍ 31.82 രൂപയ്ക്കൊപ്പം അതിന്റെ 28 ശതമാനമായ 8.90 രൂപയും 28 പൈസ ചരക്കുകൂലിയും 3.68 രൂപ ഡീലര്‍ കമ്മിഷനും മാത്രം. ആകെ 44.68 രൂപ മാത്രം.
ഡീസല്‍ വില കുറയുന്നത്
അടിസ്ഥാന വില 33.46 രൂപ, ജി.എസ്.ടി (28%) 9.36 രൂപ, ചരക്കുകൂലി 25 പൈസ, ഡീലര്‍ കമ്മിഷന് 2.51 രൂപ. ആകെ : 45.58 രൂപ.