റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഗൾഫ് ലക്ഷ്യ 2026’ പരിപാടിയുടെ ഭാഗമായി ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനും ചാലക്കുടി പാർലമെന്റ് അംഗവുമായ ബെന്നി ബെഹന്നാൻ എംപിക്ക് ഉജ്ജ്വല സ്വീകരണം നൽകി.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ സംഘടനാ ഭാരവാഹികളും ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുത്തു.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും പ്രതീക്ഷകളും നേരിട്ട് മനസിലാക്കുന്നതിനുള്ള എംപിയുടെ സന്ദർശനം രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിൽ വലിയ പ്രാധാന്യമുള്ളതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
സ്വീകരണ ചടങ്ങിൽ ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, സുരേഷ് ശങ്കർ, ഷുക്കൂർ ആലുവ, നിഷാദ് ആലംങ്കോട്, അലി ആലുവ, അജീഷ് എറണാകുളം, ജസീർ കോതമംഗലം, ശിഹാബ് കണ്ണൂർ തുടങ്ങിയവർ സന്നിഹിതരായി.

