ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിലവില്‍ 12.46 ശതമാനമാണ് ഗുരുവായൂര്‍ നഗരസഭയിലെ ടിപിആര്‍.
നാളെ മുതല്‍ ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ദിവസേന ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. വിവാഹ നടത്തിപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ വിവാഹ ബുക്കിംഗ് അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിവാഹം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ മുഖേനയുള്ള വഴിപാടുകള്‍ മാത്രമാണ് അനുവദിക്കുക. ജില്ലാ ഭരണകൂടവുമായി ആലോചിച്ചാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അതേസമയം, തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം 1,724 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 10.16 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.