നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ഹാബിറ്റസ് ലൈഫ് സ്കൂൾ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പായ ‘കളിമണ്ണി’ന് തുടക്കം കുറിച്ചു. കളിയും ചിരിയും വിജ്ഞാനവുമെല്ലാം കോർത്തിണക്കിയാണ് ഹാബിറ്റസ് ലൈഫ് സ്കൂൾ ഇത്തവണത്തെ അവധിക്കാല ക്യാമ്പായ ‘കളിമണ്ണ്’ ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ മെയ് മാസങ്ങളിൽ എട്ടു ദിനങ്ങളിലായി നീണ്ടു നിൽക്കുന്ന ആറ് ബാച്ചുകളായി നടക്കാനിരിക്കുന്ന ക്യാമ്പിന്റെ ഒന്നാം ബാച്ചിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. നാലാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കും വിദ്യാര്ഥിനികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ് ക്യാമ്പ്.
വിദ്യാർഥികൾക്ക് അന്യമാകുന്ന, ഒരു കാലത്തേ അവധിക്കാലത്തെ ഗൃഹാതുരത്വ കളികളായിരുന്ന ചളിയിൽ കളി, ഓലപ്പന്തു കളി, തൊട്ടുകളി, ഒളിച്ചുകളി, ഊഞ്ഞാലാട്ടം, മീൻപിടുത്തം തുടങ്ങിയ ഒട്ടേറെ കളികൾ വീണ്ടെടുക്കാൻ കുട്ടികൾക്ക് സഹായകമാകുന്നതാകും ‘കളിമണ്ണ്’. പഴമയുടെ മനോഹാരിതയെ തിരികെ കൊണ്ട് വരിക, മണ്ണും വിണ്ണും അറിയുന്ന നല്ല തലമുറയെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണിത്.
കളിമണ്ണിന്റെ ഉദ്‌ഘാടനം മർകസ് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ കേരള ട്രൈബൽ ആർച്ചർ ഗുരു ഗോവിന്ദൻ ആശാൻ നിർവഹിച്ചു. നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകിം അസ്‌ഹരി ആമുഖ പ്രഭാഷണം നടത്തി. നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദു സലാം, നോളജ് സിറ്റി സി എ ഒ അഡ്വ. തൻവീർ ഒമർ, ഡോ. നിസാം, യൂസുഫ് നൂറാനി തുടങ്ങിയവർ സംബന്ധിച്ചു. ഹാബിറ്റസ് ലൈഫ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ ഹസ്സൻ സ്വാഗതവും കളിമണ്ണ് ക്യാമ്പ് ഡയറക്ടർ സാദിഖ് പുല്ലാളൂർ നന്ദിയും പറഞ്ഞു.