ന്യൂഡല്‍ഹി: രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍, ഇന്ത്യയുടെയും സഊദി അറേബ്യയുടെയും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ ഹജ്ജിനുള്ള തീര്‍ഥാടകരെ തിരഞ്ഞെടുക്കുകയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി.
2022ലെ ഹജ്ജ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ ആദ്യവാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ക്കും തുടക്കമാകും.
ഹജ്ജിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഡിജിറ്റലായിരിക്കും. കൊവിഡ് പരിഗണിച്ച് ദേശീയ-അന്തര്‍ദേശീയ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ ഹജ്ജിലുടനീളം നടപ്പാക്കും. തീര്‍ഥാടകര്‍ക്ക് ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ്, ഇ-മസിഹ ആരോഗ്യ സംവിധാനം, മക്കയിലെയും മദീനയിലെയും താമസ, ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കുന്ന ഇ-ലഗേജ് പ്രീ-ടാഗിങ് എന്നിവ ലഭ്യമാക്കും. കൊവിഡ് പ്രോട്ടോകോള്‍, ആരോഗ്യ-ശുചിത്വ പാലന നടപടികള്‍ എന്നിവ സംബന്ധിച്ച് തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിനായി ഇന്ത്യയിലും സഊദി അറേബ്യയിലും പ്രത്യേക തയാറെടുപ്പുകള്‍ നടന്നുവരുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
തീര്‍ഥാടകര്‍ക്കായി സഊദിയും ഇന്ത്യയും പ്രത്യേകം കൊവിഡ് മാര്‍ഗരേഖ പുറത്തിറക്കും. കൊവിഡ് സാഹചര്യത്തില്‍ പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം പരിശോധിച്ചായിരിക്കും തീര്‍ഥാടകരെ തിരഞ്ഞടുക്കുക. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ഹജ്ജ് കമ്മിറ്റി, സഊദിയിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എന്നിവയുമായി കൂടിയാലോചിച്ചായിരിക്കും ഇന്ത്യയുടെ ഹജ്ജിനായുള്ള മാര്‍ഗരേഖ തയാറാക്കുക.
മഹ്‌റം ഇല്ലാതെ ഹജ്ജിനായി 2020, 2021 വര്‍ഷങ്ങളില്‍ മൂവായിരത്തിലേറെ സ്ത്രീകളാണ് അപേക്ഷിച്ചതെന്ന് മന്ത്രി പറഞ്ഞു. താല്‍പര്യപ്പെടുന്ന പക്ഷം അടുത്ത ഹജ്ജിലേയ്ക്ക് ഇവരുടെ നിലവിലുള്ള അപേക്ഷകള്‍ പരിഗണിക്കും. മഹ്‌റം ഇല്ലാതെ ഹജ്ജിന് പോകാന്‍ അപേക്ഷിക്കുന്നവരെ നറുക്കെടുപ്പില്ലാതെ പരിഗണിക്കും. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ഥാടകരെ അയക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മന്ത്രി പറഞ്ഞു.