കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കാനുള്ള അവസാനദിവസം ബുധനാഴ്‌ചയാണ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ 8450 പേർ പാസ്‌പോർട്ടും അനുബന്ധ രേഖകളും കൈമാറി.
രേഖകൾ സ്വീകരിക്കുന്നതിന് കരിപ്പൂരിലെ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറയിലെ റീജണൽ ഹജ്ജ് കമ്മിറ്റി ഓഫീസിലും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ, കൊച്ചി കേന്ദ്രങ്ങളിൽ പ്രത്യേകം കൗണ്ടറുകളും പ്രവർത്തിച്ചിരുന്നു.
സംസ്ഥാനത്തു നിന്ന് 10,331 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. അവസാന തീയതിക്കകം പണം അടച്ചില്ലെങ്കിൽ അവസരം റദ്ദാക്കും. 81,800 രൂപയാണ് ആദ്യഗഡുവായി നൽകേണ്ടത്.
സർക്കാർ-സ്വകാര്യ ഗ്രൂപ്പുകൾ മുഖേന ഹജ്ജ്, ഉംറ ഉദ്ദേശിച്ചവർക്കായി മേയ് രണ്ടിന് സ്വലാത്ത് നഗർ മഅദിൻ കാമ്പസിൽ 24-ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും.
രജിസ്ട്രേഷനും വിവരങ്ങൾക്കും: 9633677722, 9645338343.