മക്ക: ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് ആരംഭിക്കും. അറുപതിനായിരം ആഭ്യന്തര തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം തീര്‍ഥാടകരും ഇതിനകം മക്കയിലെത്തി. മിനായില്‍ താമസിക്കുന്നതോടെ ആരംഭിക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ 5 ദിവസം നീണ്ടു നില്ക്കും.
‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്കുന്നു’ എന്നര്‍ത്ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന മന്ത്രമുരുവിട്ട് കൊണ്ട് തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഹജ്ജിനുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദിക്ഷണം വച്ച ശേഷം ഇന്നലെ രാത്രിയാണ് തീര്‍ഥാടക തംപുകളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയത്.
ഇന്ന് ഉച്ച മുതല്‍ നാളെ പുലര്‍ച്ചെ വരെ മിനായില്‍ താമസിക്കുക എന്നതാണ് ഹജ്ജിന്റെ ആദ്യത്തെ കര്‍മം. മിനായിലെ തംപുകളിലും മിന ടവറുകളിലുമായി താമസിക്കുന്ന തീര്‍ഥാടകര്‍ നാളെ പ്രഭാത നിസ്കാരം വരെ ആരാധനാ കര്‍മങ്ങളില്‍ മുഴുകും. നാളെയാണ് ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ഉച്ചയ്ക്ക് മുമ്പായി അറഫയില്‍ എത്തുന്ന തീര്‍ഥാടകര്‍ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയില്‍ താമസിക്കും.
ചൊവ്വാഴ്ച മിനായില്‍ തിരിച്ചെത്തുന്ന തീര്‍ഥാടകര്‍ മൂന്നു ദിവസം മിനായില്‍ താമസിച്ച് ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കും. വ്യാഴാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. 60,000 ആഭ്യന്തര തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്.
നൂറുക്കണക്കിന് മലയാളികള്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കര്‍മങ്ങള്‍ നടക്കുക. കോവിഡ് വാക്സിന് എടുത്ത 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണു ഹജ്ജിന് അനുമതിയുള്ളത്.