ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപിയെ പൊറുതിമുട്ടിച്ച് കര്‍ഷകപ്രക്ഷോഭം കരുത്താര്ജിക്കുന്നു. ജജ്ജറില്‍ പാർട്ടി ഓഫീസ് നിര്‍മിക്കാന് ബിജെപി സംസ്ഥാന അധ്യക്ഷന് ഓംപ്രകാശ് ധങ്കറിട്ട തറക്കല്ല് മണിക്കൂറുകള്‍ക്കകം കര്‍ഷകരെത്തി നീക്കം ചെയ്തു.
സ്ഥലം കര്‍ഷകരുടെ പുതിയ സമരവേദിയായി പ്രഖ്യാപിച്ചു. വരുംദിനങ്ങളില്‍ ബിജെപി സര്‍ക്കാരിനെതിരായ പ്രക്ഷോഭവേദിയായി ഇവിടം മാറും.
കര്‍ഷകരോഷം ഭയന്ന് നിശ്ചയിച്ചതിലും നേരത്തേ ധങ്കറെത്തി തറക്കല്ലിട്ട് മടങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കര്‍ഷകര്‍ തറക്കല്ല് പിഴുതുമാറ്റി. കര്‍ഷകസംഘടനകളുടെ കൊടി നാട്ടി.
ഏതാനും മാസമായി ഹരിയാനയില്‍ ബിജെപി നേതാക്കള്‍ക്ക് കര്‍ഷകര്‍ വിലക്ക് കല്‍പ്പിച്ചിരിക്കയാണ്. മുഖ്യമന്ത്രിയടക്കം പങ്കെടുക്കേണ്ട ചടങ്ങുകള്‍ മാറ്റിവയ്ക്കേണ്ടി വരുന്നു.
കരട് വൈദ്യുതി ഭേദഗതി ബില്‍ ഒളിച്ചുകടത്തുന്നു
കര്‍ഷകസമരത്തെതുടര്‍ന്ന് കേന്ദ്രം പിന്‍വലിച്ച കരട് വൈദ്യുതി ഭേദഗതി ബില്ലിലെ പല വ്യവസ്ഥയും കേന്ദ്രം മറ്റ് രൂപത്തില്‍ ഒളിച്ചുകടത്തുന്നതായി കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്കും കാര്‍ഷിക കണക്ഷനുകള്‍ക്കും വൈദ്യുതി ഇളവനുവദിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് പല ആനുകൂല്യവും അനുവദിച്ചത് ഇതിന് ഉദാഹരണമാണെന്ന് സംയുക്ത കിസാന്‍മോര്‍ച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടമെടുക്കാന് ധനമന്ത്രാലയം അനുമതി നല്‍കി.
മോഡി അധികാരമേറ്റശേഷം യുഎപിഎ അടക്കം ചുമത്തപ്പെട്ട് തടവിലാക്കപ്പെട്ടവരുടെ മോചനം ആവശ്യപ്പെട്ട് ടിക്രി അതിര്‍ത്തിയിലെ സമരകേന്ദ്രത്തില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നു. കിസാന്‍സഭാ അധ്യക്ഷന്‍ അശോക് ധാവ്ളെ, ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍, ഭഗത് സിങ്ങിന്റെ അനന്തരവന്‍ പ്രൊഫ. ജഗ്മോഹന്‍ സിങ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭീമകൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 16 പേര്‍, ജെഎന്‍യു, അലിഗഢ്, ജാമിയ വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, കാര്‍ട്ടൂണിസ്റ്റുകള്‍ തുടങ്ങിയവരെ മോചിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.