ഹാഷിം എഞ്ചിനീയർ സ്മാരക ചരിത്രപാലക രത്നം പുരസ്കാരം അബ്ദു റഹ്‌മാൻ നെല്ലിക്കുത്തിന്

ദമ്മാം : കെഎംസിസി സ്ഥാപക നേതാക്കളിൽ പ്രമുഖനും വായനയും ചരിത്രപഠനവും വ്രതം പോലനുഷ്ഠിക്കുകയും അതിലൂടെ ആർജ്ജിച്ച അറിവിൻ വെളിച്ചം തന്റെ ഗഹനമായ പ്രഭാഷണങ്ങളിലൂടെ ചുറ്റുപാടുകളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്‌ത എഞ്ചിനീയർ സി ഹാശിമിൻറെ സ്‌മരണാർത്ഥം കെഎംസിസി ദമ്മാം സിറ്റി കമ്മിറ്റി ഏർപ്പെടുത്തിയ ‘ചരിത്രപാലകരത്നം’ പുരസ്‌കാരം

പ്രമുഖ ചരിത്രകാരനും ജീവകാരുണ്യ പ്രവർത്തകനുമായ നെല്ലിക്കുത്ത് അബ്ദുറഹ്മാൻ മുസ്‌ലിയാർക്ക്. 10001രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചരിത്രകാരൻറെ ജന്മനാട്ടിൽ വെച്ച് 2022 മേയ് അവസാന വാരം സമർപ്പിക്കും.

മുഹമ്മദ്‌ കുട്ടി കോഡൂർ, മാലിക് മഖ്ബൂൽ അലുങ്ങൽ, അഷ്‌റഫ്‌ ആളത്ത്, ഹമീദ് വടകര എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്‌കാരത്തിന് അബ്ദുറഹ്മാൻ മുസ്‌ലിയാരെ തെരഞ്ഞെടുത്തത്.

ഗതകാല ഹരിത രാഷ്ട്രീയത്തിലെ അനുധാവന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തിൽ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള ചരിത്രാന്യോഷിയാണ് നെല്ലിക്കുത്ത് അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്ന് ജൂറി അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ചരിത്ര കഥകൾ, മുസ് ലിം ലീഗും കുരിക്കൾ കുടുംബവും, എംഎസ്എഫ് പിന്നിട്ട പാതകൾ,മുസ്ലിം യൂത്ത് ലീഗ് ചരിത്രപഥങ്ങളിൽ, മുസ്ലിം ലീഗ് ഉത്തരകേരളത്തിൽ, പൂക്കോട്ടൂർ സ്മൃതികൾ, ജനകോടികളുടെ പടനായകൻ, മുസ്ലിം ലീഗ് നേതാക്കളുടെ മൊഴിമുത്തുകൾ, അവുക്കാദർകുട്ടി നഹ, ഖാസി ഹസൈനാർ ‘ആലി മുസ്ലിയാരുടെയും വാരിയംകുന്നൻ്റെയും നാട്’ അത്തൻകുരിക്കളുടെയും എന്നിവയാണ് ഇദ്ദേഹത്തിൻറെ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ.

ഗവേഷകരും കോളേജ് വിദ്യാർത്ഥികളും നിരന്തരം അന്യോഷിച്ചെത്തുന്ന അറബിയിലും അറബി മലയാളത്തിലുമുള്ള അമൂല്യ കയ്യെഴുത്ത് പ്രതികൾ അടക്കം മാപ്പിള സാഹിത്യ കൃതികളുടെ വൻശേഖരം തന്നെ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ കൈവശമുണ്ട്.

കേന്ദ്ര ഗവൺമെൻ്റിനുള്ള കീഴിലുള്ള കേരള മുസ് രീസ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിൽ തയ്യാറാക്കുന്ന മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ട ശേഖരത്തിലേക്ക് പന്ത്രണ്ടായിരത്തിലധികം പേജ് ഡി ജിറ്റൽ ചെയ്യാൻ ഇദ്ദേഹം കൈമാറിയിട്ടുണ്ട്.

മലബാർ ഹിസ്റ്ററി കോൺഫ്രൻസ് ,ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലടക്കം ധാരാളം വേദികളിൽ ചരിത്ര ശേഖരം പ്രദർശിപ്പിക്കുകയും സംസ്ഥാന സാംസ്കാരിക വകുപ്പിൻ്റെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

എഴുത്തും ചരിത്ര ശേഖരവും ജീവിത ചര്യയാക്കിയ ഈ പണ്ഡിതൻ പ്രദേശത്തെ ജീവകാരുണ്യ രംഗത്തും നേതൃ നിരയിലുണ്ട്. വൈകാതെ ഇദ്ദേഹത്തിൻറെ പുതിയ മൂന്ന് പുസ്തകങ്ങൾ കൂടി പ്രകാശിതമാകും. റംലയാണ് ഭാര്യ. എട്ട് മക്കളുണ്ട്.

ചരിത്രത്തിൻറെ തെളിച്ചമുള്ള ചിന്തകൾ കൊണ്ട് പുതു തലമുറക്ക് മാർഗ്ഗദർശം നൽകുന്ന അബ്ദുറഹ്മാൻ മുസ്‌ലിയാർക്ക് അവാർഡ് നൽകാനായതിൽ അതിയായ കൃതാർത്ഥതയുണ്ടെന്ന് കെഎംസിസി ദമ്മാം സിറ്റി കമ്മിറ്റി ഭാരവാഹികളായ അമീർ കോഡൂർ, ശിഹാബ് താനൂർ, ബക്കർ പൊൻമുണ്ടം എന്നിവർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

spot_img

Related Articles

Latest news