ദലിത് വിദ്യാര്‍ഥികളെ കൊണ്ട് നിരന്തരം കക്കൂസ് കഴുകിപ്പിച്ച പ്രധാനാധ്യാപിക അറസ്റ്റില്‍

ദലിത് വിദ്യാര്‍ഥികളെ കൊണ്ട് ഒരു വര്‍ഷത്തോളം കക്കൂസ് കഴുകിപ്പിച്ച സ്കൂള്‍ പ്രധാനാധ്യാപിക അറസ്റ്റില്‍. പെരുന്തുരൈ പാലക്കര പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളിലെ എച്ച്‌.എം.

ഗീതാ റാണിയെയാണ് ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുപാളയം ഗ്രാമത്തിലെ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച്‌ കക്കൂസ് കഴുകിപ്പിക്കുകയായിരുന്നു ഗീതാ റാണി.

ഒരു വിദ്യാര്‍ഥിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈറോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നവംബര്‍ 21നാണ് 10 വയസുകാരനെ പനി ബാധിച്ച്‌ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന്, രക്തസാമ്ബിള്‍ പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എങ്ങനെയാണ് ഡെങ്കിപ്പനി പിടിപെട്ടതെന്ന് അറിയാന്‍ ശ്രമിക്കുന്നതിനിടെ, നവംബര്‍ 18ന് സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടെന്നും അവിടുത്തെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൊതുകുകടിയേറ്റെന്നും കുട്ടി തങ്ങളോട് പറഞ്ഞുവെന്ന് അമ്മാവന്‍ കൃഷ്ണമൂര്‍ത്തി പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹെഡ്മിസ്ട്രസ് കുട്ടികളെ കൊണ്ട് സ്ഥിരം കക്കൂസ് കഴുകിക്കാറുണ്ടെന്ന് കണ്ടെത്തിയത്.

സ്‌കൂള്‍ വളപ്പിനുള്ളിലെ രണ്ട് ശുചിമുറികള്‍ വൃത്തിയാക്കാനാണ് ദലിത് വിഭാഗത്തില്‍പ്പെട്ട വിവിധ ക്ലാസുകളിലെ ആറ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. അവയിലൊന്ന് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതും മറ്റൊന്ന് അധ്യാപകരുടേതുമായിരുന്നു.

“എന്‍റെ അനന്തരവന്‍ മാസങ്ങളോളം കക്കൂസ് വൃത്തിയാക്കി. അതു ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കക്കൂസ് വൃത്തിയാക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത് എച്ച്‌.എം ആയതിനാല്‍ ഇത് അംഗീകരിക്കാനാവില്ല.ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച്‌ ശൗചാലയം വൃത്തിയാക്കാനാണ് പ്രധാധന്യാപിക ഞങ്ങളുടെ സമുദായത്തില്‍ പെട്ട കുട്ടികളോട് ആവശ്യപ്പെട്ടത്. ഒരു വര്‍ഷത്തോളമായി വാട്ടര്‍ ടാങ്കുകളും ടോയ്‌ലറ്റുകളും വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടികളുടെ ശരീരത്തില്‍ കുമിളകള്‍ ഉണ്ടെന്ന്” കൃഷ്ണമൂര്‍ത്തി പറഞ്ഞു.

സംഭവം പുറത്തായതോടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ നമ്ബറായ 1098-ല്‍ വിളിച്ച്‌ ഈറോഡ് ചൈല്‍ഡ് വെല്‍ഫെയര്‍ യൂണിറ്റില്‍ പരാതി നല്‍കി. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ദേവിചന്ദ്രയും ഡെപ്യൂട്ടി എഡ്യൂക്കേഷണല്‍ ഓഫീസര്‍ ധനബാക്കിയവും നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞു. അന്വേഷണത്തോട് സഹകരിക്കാത്ത പ്രധാനാധ്യാപിക ഗീതാ റാണിയെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നവംബര്‍ 30ന് പത്തു വയസുകാരന്‍റെ മാതാവ് ജയന്തി ഗീതാറാണിക്കെതിരെ പെരുന്തുരൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഗീതാ റാണി തന്‍റെ മകനോടും നാലാം ക്ലാസിലെ നാല് വിദ്യാര്‍ത്ഥികളോടും മൂന്നാം ഗ്രേഡിലെ ഒരു വിദ്യാര്‍ഥിയോടും എല്ലാ ദിവസവും ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതായി എഫ്‌.ഐ.ആറില്‍ പറയുന്നു.ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

spot_img

Related Articles

Latest news