ആദ്യ ഘട്ടത്തില്‍ ശക്തമായ പോളിംഗ്; വ്യാപക അക്രമം

ആദ്യ ഘട്ടത്തില്‍ പശ്ചിമ ബംഗാളും അസമും വ്യാപക അക്രമങ്ങള്‍ക്ക് ഇടയിലും ശക്തമായി വിധിയെഴുതി. 82 ശതമാനം പേര്‍ ബംഗാളിലും 76.9 ശതമാനം പേര്‍ അസമിലും സമ്മതിദാന അവകാശം വിനിയോഗിച്ചു. രണ്ടിടത്തും ജനവിധി തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് ബിജെപി, തൃണമുള്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ആവകാശവാദം.

രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ ബംഗാളില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുരളിയയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ എത്തിച്ച ബസ് രാവിലെ അജ്ഞാതര്‍ അഗ്നിക്കിരയാക്കി. സത്സത് മാളില്‍ ഉണ്ടായ വെടിവയ്പില്‍ രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. വോട്ടെടുപ്പ് നടന്ന 30 മണ്ഡലങ്ങളില്‍ 27 മണ്ഡലവും തൃണമൂലിന്റെ സിറ്റിംഗ് സീറ്റാണ്.

അസമില്‍ ശക്തമായ വിധിയെഴുത്താണ് രാവിലെ മുതല്‍ 47 മണ്ഡലങ്ങളിലും നടന്നത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ ദിബ്രുഗഡ് നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് നേതാവ് ഗൊരവ് ഗഗോയ് ജോര്‍ഹട്ട് മണ്ഡലത്തിലും വോട്ട് ചെയ്തു. സംസ്ഥാനത്ത് ബിജെപി 100ല്‍ അധികം സീറ്റുകളുമായി അധികാരത്തിലെത്തും എന്ന് സര്‍ബാനന്ദ സോനോബാളും കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങി എത്തും എന്ന് ഗൌരവ് ഗഗോയിയും അവകാശപ്പെട്ടു.

ബംഗാളിലെയും അസമിലെയും രണ്ടാം ഘട്ട വോട്ടെടുപ്പ് എപ്രില്‍ ഒന്നിനാണ്. ഇതിനായുള്ള പരസ്യ പ്രചരണം ചൊവ്വാഴ്ച അവസാനിക്കും.

spot_img

Related Articles

Latest news