റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തെയും പരിസര പ്രവിശ്യകളെയും ബാധിക്കുന്ന കനത്ത മഴയെത്തുടർന്ന് മഴവെള്ളമടക്കമുള്ളവ നീക്കം ചെയ്യാനും മറ്റു സഹായങ്ങള്‍ക്കുമായി അടിയന്തര പദ്ധതികള്‍ നടപ്പിലാക്കി.ചിലയിടങ്ങളില്‍ മിതവും മറ്റിടങ്ങളില്‍ ശക്തമായ മഴയുമാണ് ലഭിച്ചത്. ആലിപ്പഴ വർഷവും ഉണ്ടായി. തുടർന്നുള്ള ദിവസങ്ങളിലും മഴ ഉണ്ടാകുമെന്ന സാഹചര്യത്തെ നേരിടാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്
നഗരത്തിലും പുറത്തും ഉണ്ടായിട്ടുള്ള വെള്ളക്കെട്ട് വേഗത്തില്‍ പരിഹരിക്കുന്നതിനും മഴ ബാധിത പ്രദേശങ്ങളിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി നിരവധി അടിയന്തര പദ്ധതി നടപ്പിലാക്കിയതായി മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
തയ്യാറെടുപ്പ്, ഇടപെടല്‍, വീണ്ടെടുക്കല്‍ എന്നിങ്ങനെ മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് മഴയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ നടക്കുന്നത്.ചാലുകള്‍ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സാഹചര്യം ഒരുക്കല്‍, ആവശ്യമായ ഉപകരണങ്ങള്‍ തയ്യാറാക്കല്‍, നഗരത്തിലെ അടിയന്തര പ്രവർത്തന കേന്ദ്രത്തിലെ സന്നദ്ധത വർദ്ധിപ്പിക്കല്‍ എന്നിവ മുൻകരുതല്‍ നടപടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴ സമയത്തെ ഡ്രെയിനേജ് സ്തംഭനം പോലെയുള്ള സംഭവങ്ങള്‍ പരിഹരിക്കാനും, ഗതാഗതം നിയന്ത്രിക്കുന്നതിനും പ്രധാന റോഡുകളിലെയും പൊതുസൗകര്യങ്ങളിലെയും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമായി പ്രധാന സ്ഥലങ്ങളില്‍ ജോലിക്കാരെ വിന്യസിച്ചിട്ടുണ്ട്.
തലസ്ഥാന നഗരിയില്‍ 6,500 ഉദ്യോഗസ്ഥരെയും 1,800 ഓളം വാഹനങ്ങളെയും വിന്യസിച്ചിട്ടുണ്ട്. റിയാദിലെ ചില തെരുവുകളില്‍ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും ഒന്നിലധികം പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.