ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ പൊലീസ് വാഹനം അപകടത്തിൽ പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 10 പേർക്ക് പരിക്കേറ്റു. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് റാവത്തിന്റെ മൃതദേഹം വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.
മൃതദേഹങ്ങൾ ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തിക്കും. റാവത്ത് ഉൾപ്പെട്ട ഹെലി കോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തി. അപകടത്തെക്കുറിച്ച് സംയുക്ത സേന അന്വേഷിക്കും. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു.
ഹെലികോപ്ടറിൽ പതിനാല് പേർ ഉണ്ടായിരുന്നു. അപകടത്തിൽ പതിമൂന്ന് പേർ മരിച്ചു. എല്ലാവരുടെയും മൃതദേഹം ഡൽഹിയിലെത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇവരുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
12.08ന് എയർബേസുമായുള്ള ബന്ധം നഷ്ടമായി.ഹെലികോപ്ടർ 12.15ന് ലാൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ വരുൺ സിംഗിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. മികച്ച ചികിത്സയാണ് വരുൺ സിംഗിന് നൽകുന്നത്.
Mediawings: