മുക്കം: കഥകളും പാട്ടും വാർത്തയും വിശേഷങ്ങളുമായി സ്കൂൾ റേഡിയോ സ്റ്റേഷന് തുടക്കമായി. കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂളിലാണ് ‘കിഡീസ് റേഡിയോ 20.24’ ന് തുടക്കമായത്. കുട്ടി ആർ ജെമാരുടെ മധുരമൂറുന്ന ശബ്ദത്തിൽ ഇനി കലാവിരുന്നുകൾ അരങ്ങേറും.സ്കൂളിലെ ഇടവേളകളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ദിവസേന ഊഴം വെച്ച് ക്ലാസ് തലത്തിൽ തെരഞ്ഞെടുക്കപ്പടുന്ന വിദ്യാർത്ഥികൾ റേഡിയോ സ്റ്റേഷനിൽ വന്ന് പരിപാടികൾ അവതരിപ്പിക്കും. പരിശീലനം ലഭിച്ച കുട്ടി ആർ ജെ മാരായിരിക്കും പരിപാടികൾ നിയന്ത്രിക്കുക. കഥകൾ, പാട്ടുകൾ, എന്നിവക്ക് പുറമെ ആനുകാലിക സംഭവങ്ങൾ, പ്രധാന വാർത്തകൾ , ചരിത്ര സംഭവങ്ങൾ, സാഹിത്യ ചർച്ചകൾ തുടങ്ങിയവയും അരങ്ങേറും.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് മുറികളിലിരുന്ന് പരിപാടികൾ ആസ്വദിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂൾ റേഡിയോക്ക് പുറമേ ഓൺലൈൻ റേഡിയോ സംവിധാനമൊരുക്കുന്ന തയാറെടുപ്പിലാണ് സംഘാടകർ . അടുത്ത വേനലവധിയോടെ പദ്ധതി പൂർത്തിയാകും.
സ്കൂൾ റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനം താമരശ്ശേരി ഡി വൈ എസ് പി എ പി ചന്ദ്രൻ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് വി.പി ഷിഹാബ് അധ്യക്ഷത വഹിച്ചു. ഓണപ്പരീക്ഷയിലും ഉപജില്ലാ മേളകളിലും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സ്കൂൾ മാനേജർ ഡോ.എൻ.എം. അബ്ദുൽ മജീദ് വിതരണം ചെയ്തു. സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കായി പിടിഎ നടപ്പിലാക്കിയ ‘കൈത്താങ്ങ്’ പദ്ധതിയിലേക്കുള്ള ഫണ്ട് ശേഖരണോദ്ഘാടനം ഡോ.കെ.സുരേഷ് ബാബു നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ.എ അബ്ദുസ്സലാം ഫണ്ട് സ്വീകരിച്ചു.ടി.പി.അബൂബക്കർ , കെ ലുഖ്മാൻ , പി.പി സബിത , എൻ.ശശികുമാർ , വി.എൻ നൗഷാദ്, ഷാഹിർ പി യു , തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത ഗായിക മുക്കം സാജിദയുടെ നേതൃത്വത്തിൽ ഗാന വിരുന്നും അരങ്ങേറി.