ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ വിഭവസമാഹരണത്തിന് കടുത്ത നടപടികൾക്ക് സാധ്യത

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരവെ, ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ വിഭവസമാഹരണത്തിന് കടുത്ത നടപടികള്‍ വന്നേക്കും.

കേന്ദ്രത്തില്‍നിന്ന് ലഭിച്ചിരുന്ന പണത്തില്‍ കുറവ് വന്നതും ബജറ്റിന് പുറത്തുള്ള കടമെടുപ്പിന് തടസ്സം നില്‍ക്കുന്നതും ട്രഷറിയെ ഞെരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് അധികാരമുള്ള നികുതികളിലും നികുതിയേതര വരുമാനങ്ങളിലും മാറ്റംവരുത്തി അധിക വിഭവ സമാഹരണ നടപടികള്‍ പ്രതീക്ഷിക്കുന്നു. ഏറെ നാളായി നിലനില്‍ക്കുന്ന ഫീസുകളും മറ്റും വര്‍ധിപ്പിച്ചേക്കും.

ട്രഷറി വകുപ്പില്‍ അടുത്തിടെ ഫീസുകള്‍ പത്തിരട്ടി വരെ വര്‍ധിപ്പിച്ചിരുന്നു. പ്രഫഷനല്‍ ടാക്സ് വര്‍ധനയുണ്ടാകുമെന്ന സൂചന ധനമന്ത്രി തന്നെ കഴിഞ്ഞദിവസം നല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റില്‍ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും (10 ശതമാനം) വര്‍ധിപ്പിച്ചിരുന്നു. ന്യായവില വിപണി മൂല്യം അടിസ്ഥാനമാക്കാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി വെളിച്ചത്തില്‍ അടിസ്ഥാന ന്യായവിലയില്‍ മാറ്റം വരുത്തിയേക്കും.

602 കോടിയുടെ അധിക വിഭവ സമാഹരണത്തിനാണ് കഴിഞ്ഞ ബജറ്റ് നിര്‍ദേശിച്ചിരുന്നത്. കോവിഡ് കാലത്ത് സാമ്ബത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ രണ്ട് വിദഗ്ധ സമിതികള്‍ സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. ഇതില്‍ ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ വലിയൊരു ഭാഗം നടപ്പാക്കി. എന്നാല്‍, വരുമാന വര്‍ധനക്കുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പിന്നീട് പരിഗണിക്കാന്‍ മാറ്റി. കോവിഡ് സാമ്ബത്തിക മേഖലയിലുണ്ടാക്കിയ പ്രത്യാഘാതം പരിഗണിച്ചായിരുന്നു ഇത്. എക്സ്പെന്‍ഡിച്വര്‍ റിവ്യൂ കമ്മിറ്റിയും വരുമാന വര്‍ധനക്ക് നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ധനമന്ത്രി വിവിധ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തിവരികയാണ്.

spot_img

Related Articles

Latest news