പാലക്കാട്: അയിലൂര്‍ കാരക്കാട്ടുപറമ്പിൽ ശുചിമുറി പോലുമില്ലാത്ത ഇടുങ്ങിയ മുറിയില്‍ വീട്ടുകാര്‍ അറിയാതെ സ്നേഹവും കരുതലും നല്‍കി പ്രണയിനിയെ 10 വര്‍ഷം സംരക്ഷിച്ച യുവാവിന്റെ ഇപ്പോഴും അവിശ്വസനീയമാണ് പലര്‍ക്കും. എന്നാല്‍ കേട്ടതിനെക്കാളുമൊക്കെ സംഭവബഹുലമാണ് റഹ്മാന്റെയും സജിതയുടെയും പ്രണയകഥ.
അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകൾ സജിതയെ (28) വീട്ടിൽ ഇത്രയും കാലം ഒളിപ്പിച്ചത്. 2010 ലാണ് സജിത വീടു വിട്ടിറങ്ങി റഹ്മാനാടൊപ്പം ഇടുങ്ങിയ മുറിയിൽ താമസമാക്കിയത്.
പ്രണയവും സാങ്കേതികവിദ്യയും മന്ത്രവാദവുമൊക്കെയുള്ള ഒരു സയന്റിഫിക്ക് പ്രണയ ചിത്രം. സിനിമയെ വെല്ലുന്ന ആ കഥ ശുഭപര്യവസാനിയായതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
പിതാവും മാതാവും സഹോദരിയും ഉള്‍പ്പെടെ കഴിയുന്ന വീട്ടില്‍ അടുക്കളയുള്‍പ്പെടെ മൂന്നു മുറിയും ഇടനാഴിയും മാത്രമുള്ളത്. ഈ കൊച്ചുവീട്ടിലാണ് ആരുമറിയാതെ റഹ്മാന്‍ പ്രണയിനിയെ 10 വര്‍ഷവും സംരക്ഷിച്ചത്. ഇലക്ട്രീഷ്യനായ റഹ്മാൻ പണിക്ക് പോകുന്ന സമയത്ത് പുറത്തുനിന്ന് മുറി പൂട്ടും. പണിക്ക് പോയി വന്നാല്‍ മുറിയിലെ ടിവി ഉച്ചത്തില്‍വെയ്ക്കും. ഈ സമയത്താണ് ഇവരുടെ സംസാരമൊക്കെയും.
കൊച്ചുമുറിയില്‍ കഴിഞ്ഞ സജിതയെ വീട്ടുകാര്‍ പോലും കാണാതെ സംരക്ഷിക്കാന്‍ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയില്‍ ലോക്കാക്കാന്‍ കഴിയുന്ന ഓടാമ്പലും ഉണ്ടാക്കിയിരുന്നു. മുറിയുടെ അകത്തെ ഓടാമ്പൽ പൂട്ടുന്നതിനും തുറക്കുന്നതിനുമായി ചെറു മോട്ടോര്‍ ഉപയോഗിച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണുണ്ടാക്കിയത്.
രണ്ടു ചെറുവയറുകള്‍ ചേര്‍ത്ത് പിടിച്ചാല്‍ ഓടാമ്പൽ നീങ്ങി അടക്കാനും തുറക്കാനും കഴിയുന്ന രീതിയിലാണ് ഓടാമ്പൽ ലോക്ക് ഉണ്ടാക്കിയത്. അനാവശ്യമായി മുറി തുറക്കാന്‍ ശ്രമിച്ചാല്‍ ഈ രണ്ട് വയറുകളില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന് റഹ്മാന്‍ പറഞ്ഞതോടെ വീട്ടുകാര്‍ വാതിലില്‍ തൊടാന്‍ പോലും ഭയന്നു.
പകല്‍സമയത്ത് ഒറ്റയ്ക്ക് മുറിയില്‍ കഴിയുന്ന സജിതയ്ക്ക് ടിവിയുടെ ശബ്ദം കേള്‍ക്കുന്നതിനായി ഇയര്‍ ഫോണും സജ്ജമാക്കി നല്‍കിയിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിനായി മുറിയിലെ ജനലഴികള്‍ അഴിച്ചു മാറ്റി പുറത്ത് കടക്കാന്‍ സൗകര്യമുണ്ടാക്കിയിരുന്നു. അതു വഴിയാണ് പുറത്തുള്ള ശുചിമുറിയിലേക്ക് പോകാറുള്ളത്.
ഈ മുറിയിലിരുന്നാല്‍ വീട്ടില്‍ വരുന്നവരെയും പോകുന്നവരെയും വാതില്‍ പാളിയിലൂടെ കാണാന്‍ കഴിയും. ഇങ്ങനെ ആളില്ലാത്ത സമയത്താണ് ജനല്‍ വഴി പുറത്തിറങ്ങി ശുചിമുറിയില്‍ പോകുകയും തുണി അലക്കുകയും ചെയ്യുന്നതെന്നാണ് സജിത പറയുന്നത്.
ഓടിട്ട വീടായതിനാല്‍ വീട്ടില്‍ സംസാരിക്കുന്ന എല്ലാ വിവരങ്ങളും സജിത അറിയുകയും ചെയ്തിരുന്നു. സജിതക്കുള്ള ഭക്ഷണം ജോലി കഴിഞ്ഞ് വരുമ്പോൾ പുറത്തു നിന്ന് വാങ്ങികൊണ്ട് കൊടുക്കുകയാണ് ചെയ്തിരുന്നത്.
ഒരുപാട് സമ്മര്‍ദ്ദങ്ങളും കഷ്ടതകളും അനുഭവിച്ചിട്ടാണ് ഒടുവില്‍ റഹ്മാനും സജിതയും ഒന്നിക്കുന്നത്. പണിക്ക് പോയി വീട്ടിലെത്തിയാലും വീട്ടുകാരുമായി കൂടുതലും സംസാരിക്കാതെ മുറിക്കകത്ത് ഇരിക്കുന്നത് പതിവായതോടെ വീട്ടുകാര്‍ റഹ്മാന് പ്രേതബാധയുണ്ടായതായി പറഞ്ഞ് മന്ത്രവാദ ചികിത്സ ആരംഭിച്ചു.
രണ്ടിടങ്ങളില്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോവുകയും അവിടെ നിന്ന് പച്ചമരുന്ന് കഴിച്ച് ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇനി ഇത്തരം ഉപദ്രവങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഇരുവരും മറ്റൊരു വീട്ടിലേയ്ക്ക് മാറി താമസിക്കാന്‍ തീരുമാനിച്ചത്.
വീട്ടില്‍ നിന്ന് മാറി ഏഴ് കിലോ മീറ്റര്‍ അകലെ വിത്തിനശ്ശേരിയിൽ 2021 മാര്‍ച്ച് മൂന്നിനാണ് റഹ്മാനും സജിതയും രഹസ്യമായി താമസം ആരംഭിച്ചത്. യുവാവിനെ കാണാതായതോടെ വീട്ടുകാര്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പക്ഷേ, മൂന്നു മാസത്തെ അന്വേഷണത്തില്‍ യാതൊരു വിവരവും കിട്ടിയില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം സഹോദരന്‍ യുവാവിനെ യാദൃശ്ചികമായി കാണുന്നത്. തുടര്‍ന്ന് സഹോദരന്‍ തന്നെ യുവാവിനെ പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പത്ത് വര്‍ഷം നീണ്ട പ്രണയകഥ പുറംലോകമറിഞ്ഞത്.
മറ്റു പരാതികളൊന്നും ഇല്ലാത്തതിനാല്‍ പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു. ബുധനാഴ്ച കാലത്ത് നെന്മാറ പൊലീസിനോടൊപ്പം ഇരുവരും യുവാവിന്റെ വീട്ടിലെത്തുകയും ഇവര്‍ ഉപയോഗിച്ച സാധനങ്ങള്‍ ഉള്‍പ്പെടെ താമസം തുടങ്ങിയ വാടക വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഇനി ഞങ്ങള്‍ക്കും മറ്റുള്ളവരെ പോലെ ലോകത്ത് തലയുയര്‍ത്തി ജീവിക്കണമെന്നാണ് ഇരുവരും പറയുന്നത്. എന്തിനാണ് ഇതുവരെ മറച്ചുവെച്ചെതെന്ന ചോദ്യത്തിന് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കഴിയുന്ന കാലത്തിനായി കാത്തിരുന്നതെന്നായിരുന്നു യുവാവിന്റെ മറുപടി.