കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ അധ്യാപകര്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ല: കേരള ഹൈക്കോടതി

വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയില്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി.

അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളില്‍ ഏല്‍പ്പിക്കുമ്പോള്‍, കുട്ടികളെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനുമുള്ള അധികാരം അധ്യാപകർക്ക് കൈമാറുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സ്വഭാവരൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നല്‍കുന്ന ശിക്ഷകള്‍ നിയമവിരുദ്ധമല്ല.

അധ്യാപകൻ നല്‍കുന്ന ശിക്ഷ കുട്ടിയെ ദ്രോഹിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയുള്ളതാകരുത്. ശിക്ഷ നല്ല രീതിയിലുള്ള മാറ്റത്തിനാണോ അതോ ഉപദ്രവിക്കാനാണോ എന്ന് കോടതികള്‍ പരിശോധിക്കണം.

വെങ്ങാനൂരിലെ ഒരു സ്കൂള്‍ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. കുട്ടിയുടെ പിൻഭാഗത്ത് ചൂരല്‍ കൊണ്ട് അടിച്ചതിനെതിരെയാണ് അധ്യാപകനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തിരുന്നത്. എന്നാല്‍ കുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്നും അധ്യാപകൻ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തതെന്നും കോടതി കണ്ടെത്തി.

spot_img

Related Articles

Latest news