വിവാഹ, വിവാഹ മോചന വിഷയങ്ങളില്‍ ഏകീകൃത ചട്ടം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹ, വിവാഹമോചന വിഷയങ്ങളില്‍ ഏകീകൃത ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

ക്രിസ്ത്യന്‍ വിവാഹമോചന നിയമപ്രകാരം, പരസ്പര സമ്മതം ഉണ്ടെങ്കില്‍പ്പോലും വിവാഹമോചന ഹര്‍ജി നല്‍കാന്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഈ വ്യവസ്ഥ ഭരണഘനടാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞു.

മതനിരപേക്ഷ സമൂഹത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ഇല്ലാതെ പൊതുനന്മ ലാക്കാക്കിയുള്ള നിയമപരമായ സമീപനം വേണമെന്നു കോടതി നിര്‍ദേശിച്ചു. ദമ്ബതികള്‍ക്കു വിവാഹമോചനം തേടാന്‍ വേര്‍തിരിവ് ഇല്ലാത്ത ഒരേ സ്വഭാവത്തിലുള്ള അവസരം ലഭിക്കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വേണമെന്നും കോടതി പറഞ്ഞു. വിവാഹ, വിവാഹ മോചന നിയമങ്ങളില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ശരിയല്ലെന്നു കോടതി അഭിപ്രായപ്പെട്ടു.

ക്രിസ്ത്യന്‍ ദമ്ബതികള്‍ക്കു കോടതി വഴി പരിഹാരം തേടാനുള്ള അവകാശം ഒരു വര്‍ഷത്തേക്കു നിഷേധിക്കുന്ന, 1859ലെ വിവാഹമോചന നിയമം 10 എ വ്യവസ്ഥയാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

കോടതി വഴി പരിഹാരം തേടുന്നതു ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഈ അവകാശം ഹനിക്കുന്നതു വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തി. അപൂര്‍വ സാഹചര്യങ്ങളില്‍ ഒരു വര്‍ഷത്തിനു മുന്‍പും കോടതികള്‍ക്കു കേസ് പരിഗണിക്കാന്‍ കഴിയുമെന്ന് സ്‌പെഷല്‍ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ടിലും വ്യവസ്ഥയുണ്ട്. ഒരു വര്‍ഷം തികയുന്നതിനു മുന്‍പും കോടതിയെ സമീപിക്കാനുള്ള അവസരം മറ്റു നിയമങ്ങള്‍ നല്‍കുമ്ബോള്‍ കൊടിയ ദുരിതം അനുഭവിക്കുന്നവര്‍ക്കു പോലും അതിന് അവസരം നല്‍കാത്ത വിവാഹമോചന നിയമത്തിലെ 10 എ (1) നിയമവ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.

 

spot_img

Related Articles

Latest news