ഷാര്‍ജ: അതിവേഗ സ്കൈപോഡ് ഗതാഗത സംവിധാനം സ്ഥാപിക്കുന്ന ആദ്യത്തെ നഗരമാകാന്‍ ഷാര്‍ജയുടെ പദ്ധതി. എമിറേറ്റിലെ യാത്രക്കാരുടെയും കാര്‍ഗോയുടെയും സഞ്ചാരത്തിനാണ് സ്റ്റീല്‍ ചരടില്‍ ബന്ധിപ്പിച്ച തൂങ്ങിക്കിടക്കുന്ന ഡ്രൈവറില്ലാ വാഹനം ഉപയോഗിക്കാന്‍ ആലോചിക്കുന്നത്.
ഷാര്‍ജ റിസര്‍ച് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്കാണ് പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം നടത്തിയത്. പരമ്പരാഗത കേബിള്‍ കാര്‍, ട്രാമുകളില്‍നിന്ന് വ്യത്യസ്തമായി ഇത് സ്വതന്ത്രമായി മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കും.
നിലവില്‍ 400 മീറ്റര്‍ നീളത്തില്‍ പരീക്ഷിച്ച സ്കൈ പോഡ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ചു. ഇവ നാല് യാത്രക്കാരെയാണ് വഹിക്കുന്നത്.
യുകാര്‍ എന്നാണ് യാത്രക്കാരെ വഹിക്കുന്ന സ്കൈപോഡുകള്‍ അറിയപ്പെടുന്നത്. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസത്തോടെ 2.4 കിലോമീറ്റര്‍ നീളത്തില്‍ ട്രാക്ക് സ്ഥാപിക്കുകയും മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലുള്ള സംവിധാനം പരീക്ഷിക്കുകയും ചെയ്യും.
പദ്ധതി വാണിജ്യവത്കരിക്കാനും മേഖലയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാക്കി ഇതിനെ മാറ്റാനുമാണ് ആഗ്രഹിക്കുന്നതെന്ന് ഷാര്‍ജ റിസര്‍ച് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്ക് സി.ഇ.ഒ ഹുസൈന്‍ അല്‍ മഹ്മൂദി പറഞ്ഞു. ഷാര്‍ജയെ സുസ്ഥിരമായ ഭാവി പട്ടണമാക്കി മാറ്റിയെടുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നമുക്കറിയാം. ഈ പദ്ധതി ഷാര്‍ജയുടെയും മുഴുവന്‍ യു.എ.ഇയുടെയും സഞ്ചാര സൗകര്യവും മറ്റും വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം ഇത് കുറച്ച് ഭൂമി ഉപയോഗിക്കുകയും എന്നാല്‍, കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യും – അദ്ദേഹം വ്യക്തമാക്കി.
ട്രെയിൻ സര്‍വിസുകളുമായി ഇതിനെ ബന്ധിപ്പിക്കാനും സാധിക്കും. അതുപോലെ 16 യാത്രക്കാരെ വരെ വഹിക്കുന്ന ബസുകളും ഇതില്‍ ഉപയോഗിക്കാന്‍ കഴിയും. 30 ടണ്‍ കാര്‍ഗോ വഹിക്കാനുള്ള ശേഷിയും ഇതിനുണ്ടാകും.
വിവിധങ്ങളായ പുതിയ സഞ്ചാരസാധ്യതകള്‍ വേറെയും ഷാര്‍ജ റിസര്‍ച് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്ക് പരീക്ഷിക്കുന്നുണ്ട്. 20 യാത്രക്കാരെ വരെ വഹിക്കുന്ന ഡ്രൈവറില്ലാത്ത ബസുകള്‍ ഇതില്‍ പ്രധാനമാണ്.ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് സഞ്ചരിക്കുന്ന ഇത്തരം സംവിധാനങ്ങളും പരീക്ഷണഘട്ടത്തിലാണ്.