ദമ്മാം: ഭാരതം സ്വതന്ത്രവും മതേതരത്വവും റിപ്പബ്ലിക്കുമായ രാഷ്ട്രമാണ്; ഓരോ പൗരന്റെയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം — എന്ന ഭരണഘടനാ മൂല്യങ്ങൾ ആവർത്തിച്ച് ഓർമ്മിപ്പിക്കേണ്ടി വരുന്ന സാഹചര്യം രാജ്യത്ത് വ്യാപകമാകുന്നതിൽ ദമ്മാം-അൽഖോബാർ ഇസ്ലാഹി സെൻ്റർ യൂത്ത് വിംഗ് ആശങ്ക രേഖപ്പെടുത്തി.
പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടിയുടെ ഹിജാബ് വിലക്കപ്പെട്ട സംഭവം അപലപനീയമാണെന്നും, അത് നീക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തോടുള്ള സ്കൂൾ മാനേജ്മെൻ്റ് ധിക്കാരപരമായ പ്രതികരണം ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് വിംഗ് നേതാക്കൾ അഭിപ്രായപ്പെട്ടു.
ദമ്മാം ഫൈസലിയയിൽ സംഘടിപ്പിച്ച ‘ഉണർവ് 2.0’ യുവജന സംഗമത്തിലാണ് ഇവർ ഈ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. അഹ്മദ് അസ്ലമിന്റെ ഖുർആൻ പഠനത്തോടുകൂടിയാണ് പ്രോഗ്രാം ആരംഭിച്ചത്. അജ്മൽ ഫൗസാൻ അൽ ഹികമി, ഉസാമ ബിൻ ഫൈസൽ മദീനി, അബ്ദുല്ല അൽ ഹികമി, ഡോ. അബ്ദുൽ കബീർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
എൻ.വി. സാലിം അരീക്കോടിന്റെ നേതൃത്വത്തിൽ നടന്ന പാനൽ ചർച്ചയും ശ്രദ്ധേയമായി. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഭാരവാഹികളായ ഫൈസൽ ഇമ്പിച്ചിക്കോയ, നൗഷാദ് തൊളിക്കോട്, യൂത്ത് വിംഗ് ഭാരവാഹികളായ മൂസാ ഖാൻ തിരുവനന്തപുരം, അബ്ദുസമദ് കരുനാഗപ്പള്ളി, അൽഖോബാർ യൂത്ത് വിംഗ് ഭാരവാഹികളായ സാബിത്ത് ഖോബാർ, അൽ അമീൻ പൊന്നാനി എന്നിവർ പങ്കെടുത്തു.
അസാൻ മംഗലാപുരത്തിന്റെ കൃതജ്ഞതയോടുകൂടി സമാപിച്ച പ്രോഗ്രാം ദമ്മാം, അൽഖോബാർ മേഖലയിലെ യുവജനങ്ങളുടെ വൻ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.