മാണ്ഡി: അടുത്തിടെയാണ് ഹിമാചല്‍ പ്രദേശിലെ രണ്ട് സഹോദരങ്ങള്‍ ഒരേ പെണ്‍കുട്ടിയെ ഒരുമിച്ച് വിവാഹം കഴിച്ച് വൈറലായി മാറിയത്.ഹിമാചലിലെ ഹട്ടി ഗോത്രവിഭാഗത്തിന്‍റെ നൂറ്റാണ്ട് പഴക്കമുള്ള ആചാരം പ്രകാരമാണ് ദിവസങ്ങളോളം നീണ്ടു നിന്ന ചടങ്ങുകളോടെ വിവാഹം നടത്തിയത്. ജോഡിദാര എന്നാണ് ഈ വിവാഹം അറിയപ്പെടുന്നത്.
മുൻ കാലങ്ങളില്‍ സ്വത്തും സമ്പാദ്യവും കൈമോശം വരാതിരിക്കാനായിരുന്നു സഹോദരങ്ങള്‍ ഒരേ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍, പിന്നീട് പെണ്‍കുട്ടികള്‍ ഈ രീതിയോടെ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇത്തരം വിവാഹങ്ങള്‍ അപൂർവമായി മാറി.
ഷില്ലൈ ഗ്രാമത്തിലെ പ്രദീപ്, കപില്‍ നേഗി എന്നീ സഹോദരങ്ങളാണ് സുനിത ചൗഹാൻ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ച് വീണ്ടും വാർത്തകളില്‍ ഇടം പിടിച്ചത്. ഹിമാചലില്‍ റവന്യൂ നിയമപ്രകാരം ഇത്തരം വിവാഹം അനുവദനീയമാണ്. മൂന്നു ദിവസമാണ് വിവാഹ ആഘോഷങ്ങള്‍ നീണ്ടുനിന്നത്. ഹട്ടി ഗോത്രത്തിന്‍റെ കുലദേവത കുന്തീ ദേവിയാണ്. മഹാഭാരതം മുതല്‍ ഇത്തരം വഴക്കമുണ്ടെന്നും ഗോത്രത്തിലെ നേതാക്കള്‍ പറയുന്നു.
ഹിമാചലിലെ മുൻ മുഖ്യമന്ത്രി വൈ.എസ്. പാർമർ ജോഡിദാര ചടങ്ങിനെക്കുറിച്ച് ഒരു പ്രബന്ധം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോളിയാണ്ട്രി ഇൻ ദി ഹിമാലയാസ് എന്നാണ് പുസ്തകത്തിന്‍റെ പേര്. ഹിമാചലിലെ ബഹുഭർതൃത്വവും സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലവും ആണ് ഇതില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ ആചാരം പ്രകാരം ഭാര്യയ്ക്കാണ് പൂർണ അധികാരം. എത്ര സമയം ഏത് ഭർത്താവിനൊപ്പം ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതും ഭാര്യയാണ്.
ചിലപ്പോള്‍ മുറിയില്‍ ഉള്ളയാളെക്കുറിച്ച് സൂചന നല്‍കുന്നതിനായി മുറിക്ക് പുറത്ത് ചെരിപ്പോ തൊപ്പിയോ അടയാളമായി വയ്ക്കുന്ന രീതിയും ഹട്ടി വിഭാഗത്തില്‍ പിന്തുടർന്നു വന്നിരുന്നു. മിക്കവാറും ഒരേ മുറിയില്‍ തന്നെയായിരിക്കും ഭർത്താക്കന്മാരും ഭാര്യയും ഉറങ്ങുക. അക്കാര്യത്തില്‍ ഭാര്യയാണ് തീരുമാനമെടുക്കുക.
രണ്ട് ഭർത്താക്കന്മാർക്കും തുല്യമായി സേവനം ചെയ്യാൻ ഭാര്യ സമയം കണ്ടെത്താറുണ്ട്. ആർക്കൊപ്പം എത്ര സമയം ചെലവഴിക്കണമെന്നും ഭാര്യ തീരുമാനിക്കും. പരാതികളും പ്രശ്നങ്ങളും ഉയരുന്നത് വളരെ അപൂർവമായി മാത്രമായിരുന്നുവെന്ന് പാർമെർ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നു.