തൃശ്ശൂർ: സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി വിവരം. 2024-25-ല്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 14 ശതമാനം പേർ 19-നും 25-നും ഇടയിലുള്ളവരാണ്.സ്ഥിരീകരിക്കപ്പെട്ട 1213 രോഗികളില്‍ 197 പേരാണ് ഈ പ്രായപരിധിയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍.
മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളില്‍ എച്ച്‌ഐവി കൂടാൻ കാരണമെന്നാണ് എയ്ഡ്സ് നിയന്ത്രണസൊസൈറ്റിയുടെ നിരീക്ഷണം. സമഗ്ര ആരോഗ്യസുരക്ഷ യുവാക്കളിലൂടെ (യുവജാഗരണ്‍) എന്ന കാംപെയ്‌നിലൂടെ ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലുമായി ബോധവത്കരണപ്രചാരണം ഊർജിതമാക്കാനാണ് തീരുമാനം.