കണ്ണൂരിനെ ഹോണടി കേൾപ്പിക്കാത്ത നഗരമാക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. പഴയ ബസ് സ്റ്റാൻഡ് മുതൽ മഹാത്മാ മന്ദിരം വരെയുള്ള ഭാഗം ഹോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു. മേയർ അഡ്വ. ടി.ഒ.മോഹനനാണ് പ്രഖ്യാപനം നടത്തിയത്.
‘മാതൃഭൂമി’യും ക്ലബ്ബ് എഫ്.എമ്മും ചേർന്ന് നടത്തിയ ഹോൺരഹിത കണ്ണൂർ കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കളക്ടർ എസ്.ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പദ്മനാഭൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂരജ്, ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, ‘മാതൃഭൂമി’ ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ, ‘മാതൃഭൂമി’ കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി., ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് പി.ദേവേഷ്, റേഡിയോ സൊലൂഷൻസ് മാനേജർ മനീഷ്കുമാർ, ആർ.ജെ. വിൻസി, ക്ലബ്ബ് എഫ്.എം. ടീം എന്നിവർ സംസാരിച്ചു.
കണ്ണൂർ ഗാന്ധി സർക്കിൾ മുതൽ നഗരകേന്ദ്രം ചുറ്റി കളക്ടറേറ്റ് വരെ ഹോൺനിരോധിത മേഖലയാക്കണം. ഇതിൽ പഴയ ബസ്സ്റ്റാൻഡ് മുതൽ കോടതി, സ്കൂൾ, കോർപ്പറേഷൻ ഓഫീസ്, മഹാത്മാ മന്ദിരം വരെ ഹോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഗാന്ധി സർക്കിൾ മുതൽ കളക്ടറേറ്റിന് മുന്നിലൂടെ പഴയ ബസ്സ്റ്റാൻഡ് വരെ ഹോൺരഹിത മേഖലയാക്കണം.
ഇത് ഡിവൈഡറോടുകൂടിയ രണ്ടുവരി പാതയായതിനാൽ ഹോൺ മുഴക്കി പോകേണ്ട ആവശ്യമില്ല. എന്നാൽ ഇതുവഴി വേഗത്തിൽ ഓടുന്ന ബസുകളടക്കം മറ്റ് വാഹനങ്ങളെ മറികടക്കാൻ നിർത്താതെ ഹോൺ മുഴക്കുന്നു. ട്രാഫിക് കുരുക്ക് ഒഴിവാക്കുകയും കാൽനടയാത്രക്കാർക്ക് റോഡ് മറികടക്കാൻ സീബ്രാ ലൈനൊരുക്കുകയും പാർക്കിങ് സൗകര്യം സജ്ജമാക്കുകയും വേണം.
Mediawings: