ഗൂഗിള്‍ പേയില്‍ പണം മാറി അയച്ചാല്‍ എന്തു ചെയ്യും?

ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയവ വ്യാപകമായതോടെ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളും ശക്തമായിട്ടുണ്ട്. പണം അയക്കാന്‍ ഒരു ഫോണ്‍ നമ്ബര്‍ മതിയെന്നത് കൂടുതല്‍ സൗകര്യമായി എന്നതിനൊപ്പം തന്നെ അത് മൂലമുള്ള അപകടങ്ങളും വെല്ലുവിളികളും കൂടുതലാണ്.

ഗൂഗിള്‍ പേയിലൂടെ തെറ്റായ നമ്ബരിലേക്ക് അബദ്ധത്തില്‍ പണം അയക്കുന്നതാണ് ഏറ്റവും പ്രധാന വെല്ലുവിളി. ഒരു നമ്ബര്‍ മാറിയാല്‍ പണം പോകുന്നത് മറ്റാര്‍ക്കെങ്കിലും ആകും. പക്ഷേ, ഇങ്ങനെ നഷ്ടമാകുന്ന പണം തിരികെ കിട്ടാനും വഴികളുണ്ട്.

ഡിജിറ്റല്‍ സേവനങ്ങള്‍ വഴിയുള്ള ഇത്തരം മനഃപൂര്‍വമല്ലാത്ത ഇടപാടുകള്‍ ഉണ്ടായാല്‍ പ്രസ്തുത വ്യക്തി ആദ്യം ചെയ്യേണ്ടത് ഉപയോഗിച്ച പേയ്‌മെന്റ് സംവിധാനത്തില്‍ പരാതി നല്‍കുക എന്നതാണെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. അതായത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പോലുള്ള പ്ലാറ്റ്ഫോമിലൂടെയാണ് തെറ്റായി പണം കൈമാറിയതെങ്കില്‍ ആദ്യം നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ( NPCI) പോര്‍ട്ടലില്‍ പരാതി നല്‍കണം.
എന്‍പിസിഐ വെബ്‌സൈറ്റ് അനുസരിച്ച്‌, നിങ്ങള്‍ക്ക് UPI ഇടപാടുമായി ബന്ധപ്പെട്ട് ഫണ്ട് കൈമാറ്റം, വ്യാപാരി ഇടപാടുകള്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇടപാടുകള്‍ക്ക് പരാതി ഉന്നയിക്കാം.

npci.org.in എന്ന വെബ്സൈറ്റില്‍ കയറി ‘Dispute Redressal Mechanism’ ടാബില്‍ ക്ലിക്ക് ചെയ്താണ് പരാതി നല്‍കേണ്ടത്. ഈ ടാബ് ക്ലിക്ക് ചെയ്താല്‍ ‘Compliant’ എന്ന സെക്ഷനില്‍ പരാതി നല്‍കേണ്ട ഫോം ലഭിക്കും. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡി, വിര്‍ച്വല്‍ പേമെന്റ് അഡ്രസ്സ്, ട്രാന്‍സ്ഫര്‍ ചെയ്ത തുക, തുക കൈമാറിയ തീയ്യതി, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങളാണ് പരാതി അപേക്ഷയില്‍ നല്‍കേണ്ടത്. കൂടാതെ, അക്കൗണ്ടില്‍ പണം പോയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും നല്‍കണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, പരാതിപ്പെടാനുള്ള കാരണമായി ‘Incorrectly transferred to another account’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം.

ഈ പരാതിയില്‍ നടപടിയായില്ലെങ്കില്‍ അടുത്തതായി ചെയ്യാനുള്ളത് പണം ലഭിച്ച വ്യക്തിയുടെ അക്കൗണ്ട് ഏത് ബാങ്കിലാണോ ആ ബാങ്കിനെ സമീപിക്കുകയാണ്. പണം ലഭിച്ച വ്യക്തിക്ക് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം.

spot_img

Related Articles

Latest news