പോത്തൻകോടുള്ള സ്വകാര്യാശുപത്രി ആറ് ദിവസത്തെ കോവിഡ് ചികിത്സക്ക് 1,42,708 രൂപ ഈടാക്കിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. തിരുവനന്തപുരം ജില്ലാ കളക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
മണ്ണറക്കോണം സ്വദേശി ബി എച്ച് ആനന്ദ് സമർപ്പിച്ച പരാതിയിലാണ് നടപടി. ആനന്ദിന്റെ അച്ഛൻ ഭുവനേന്ദ്രനെയാണ് ചികിത്സിച്ചത്. ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ ലംഘിച്ച ആശുപത്രിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. കേസ് ജൂലൈ 14 ന് പരിഗണിക്കും.
വട്ടിയൂർക്കാവിലെ സ്വകാര്യാശുപത്രിയിലാണ് കോവിഡ് ബാധിതനെ ചികിത്സിച്ചിരുന്നത്. ശ്വാസംമുട്ട് കൂടിയപ്പോൾ ജില്ലാകളക്ടറേറ്റിൽ നിന്നുമുള്ള നിർദ്ദേശപ്രകാരം പോത്തൻകോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
84000 രൂപ കൈയിൽ നിന്നും അടച്ചു. ബാക്കി തുക ഇൻഷ്വറൻസിൽ നിന്നും ലഭിച്ചു. പിപിഇ കിറ്റിന് ഈടാക്കിയത് 33000 രൂപയാണ്. മരുന്നിന് 44,458 രൂപയും ഈടാക്കി.