24 മണിക്കൂറിനുള്ളില്‍ ലഭിച്ച സംഭാവന 26 കോടി റിയാല്‍
ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സൗദി ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (സദായ) ആരംഭിച്ച ‘ഇഹ്സാന്‍’ചാരിറ്റി പ്ലാറ്റ്ഫോം ക്യാമ്പയിന് മികച്ച പ്രതികരണം. ക്യാമ്പയിന് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 26 കോടി റിയാലാണ് (6.93 കോടി ഡോളര്‍) സംഭാവനയായി ലഭിച്ചത്.
സൗദി ഭരണാധികാരി സല്മാന് രാജാവ് രണ്ടു കോടി റിയാലും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ഒരു കോടി റിയാലും സംഭാവന നല്‍കിയാണ് ക്യാമ്പയിന് ആരംഭിച്ചത്. വിവിധ കമ്പനികള്‍, രാജ്യത്തെ മനുഷ്യസ്നേഹികള്‍ എന്നിവര്‍ ക്യാമ്പയിന് പിന്തുണയുമായി രംഗത്തുവന്നു.
വഖഫ് സുലൈമാന്‍ അല്‍ റാജിഹിയാണ് പദ്ധതിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. നാല് കോടി റിയാലാണ് ഇവര്‍ നല്‍കിയത്. പരേതനായ ശൈഖ് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ റാജിഹിയുടെ ചാരിറ്റി സ്ഥാപനങ്ങളായ നമ, അത്ത കമ്പനികള്‍ 2.5 കോടി റിയാലും സൗദി അരാംകോ കമ്പനി 1.5 കോടി റിയാലും സൗദി ടെലികോം കമ്പനി ഒരു കോടി റിയാലും അല്‍ റാജ്ഹി ബാങ്ക് 70 ലക്ഷം റിയാലും സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്പറേഷന്, സൗദി നാഷനല്‍ ബാങ്ക് എന്നിവര്‍ 50 ലക്ഷം റിയാല്‍ വീതവും പദ്ധതിയിലേക്ക് സംഭാവന നല്കി.
രാജ്യത്തെ വിദേശികളും സ്വദേശികളുമായ എല്ലാ നിവാസികള്‍ക്കും പദ്ധതിയില്‍ എളുപ്പത്തില്‍ പങ്കാളിത്തം വഹിക്കാവുന്ന തരത്തിലാണ് ഇഹ്സാന്‍ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
അശരണരുടെ വീടുകള്‍ പുതുക്കിപ്പണിയുക, കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കുക, പ്രായമായവര്‍ക്ക് പരിചരണം നല്‍കുക, ഡയാലിസിസ് രോഗികളെയും അനാഥകളെയും സഹായിക്കുക തുടങ്ങി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സംഭാവന ഏത് മേഖലയിലേക്കു നല്‍കണമെന്ന് തിരഞ്ഞെടുക്കാനും അവരുടെ സംഭാവനകളുടെ പുരോഗതി പിന്തുടരാനും കഴിയും.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരെ സഹായിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയ പ്ലാറ്റ്ഫോമായ ഫ്യുരിജാത്ത്, കിങ് സല്മാന് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ എന്നിവയുമായും ഇഹ്സാന്‍ ചാരിറ്റി പദ്ധതി സേവനങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം, വെള്ളം, പാര്‍പ്പിടം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കും പദ്ധതിയില്‍നിന്ന് സഹായങ്ങള്‍ നല്‍കും. സകാത് വിഹിതം അടക്കാനുള്ള സൗകര്യവും ഇഹ്സാന്‍ പദ്ധതിയിലുണ്ട്.