അന്താരാഷ്ട്ര അവയവ മാഫിയയുടെ കേന്ദ്രം ഹൈദരാബാദ്; കണ്ണിയായത് സ്വന്തം വൃക്ക വിറ്റ് കച്ചവട സാധ്യത മനസിലാക്കിയതോടെ; സാബിത്തിന്റെ മൊഴികള്‍ ഞെട്ടിക്കുന്നത്

കൊച്ചി : സ്വന്തം വൃക്ക വിറ്റതോടെയാണ് അവയവ കച്ചവടത്തിന്റെ സാധ്യതള്‍ മനസിലാക്കിയതെന്ന് അറസ്റ്റിലായ രാജ്യാന്തര അവയവ മാഫിയയിലെ പ്രധാനി സാബിത്ത് നാസര്‍.ഹൈദരാബാദ് കേന്ദ്രമാക്കിയാണ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നത്. ഒരാളാണ് സംഘത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത്. ഇയാള്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് ഇരകളെ കണ്ടെത്തുന്നതെന്നും സാബിത്ത് മൊഴി നല്‍കി.

2019ലാണ് സ്വന്തം വൃക്ക വിറ്റത്. ഇതോടെ കച്ചവടത്തിന്റെ സാധ്യത മനസിലാക്കി കൂടുതല്‍ പേരെ കണ്ടെത്തി വിദേശത്ത് എത്തിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയാണ് ഇരകളാക്കിയത്. ഇവരുടെ യാത്ര, ചികിത്സ, താമസം എല്ലാം മാഫിയയാണ് വഹിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുമ്പോള്‍ 6 ലക്ഷം രൂപ വരെയാണ് ഇരകള്‍ക്ക് നല്‍കിയിരുന്നത്. ഈ അവയവങ്ങള്‍ ഏജന്റുമാര്‍ വഴി 60 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് കൈമാറ്റം ചെയ്തിരുന്നതെന്നും സാബിത്ത് മൊഴി.നല്‍കിയിട്ടുണ്ട്.

ഇറാനിലാണ് ശസ്ത്രക്രിയ അടക്കമുള്ളവ നടക്കുന്നത്. മലയാളികളെ കൂടാതെ അന്യസംസ്ഥാനക്കാരേയും സാബിത്ത് ഇത്തരത്തില്‍ കൊണ്ടു പോയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ വിശദമായി അന്വേഷണം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആലുവ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ സംഘം ഇന്ന് അപേക്ഷ നല്‍കും.

സാബിത്ത് അവയവ വില്‍പ്പനയ്ക്കായി ഇറാനിലേക്ക് കൊണ്ടു പോയ പാലക്കാട് സ്വദേശി ഷെമീര്‍ എന്നയാളെക്കുറിച്ച്‌ ഒരു വര്‍ഷമായി വിവരമില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. വൃക്ക വില്‍പ്പനയ്ക്കായാണ് ഷെമീറിനെ കൊണ്ടുപോയത്. എന്നാല്‍ അതിന് ശേഷം ഒരു വിവരവുമില്ലെന്നാണ് കുടംബം പറയുന്നത്. കുടംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഷെമീര്‍ സാബിറിനൊപ്പം പോയതെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

spot_img

Related Articles

Latest news