വീട്ടുകാരുമായി അവസാനമായി ഫോണില്‍ സംസാരിച്ച് യുഎഇയില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവതി.യുപി സ്വദേശിനിയായ ഷഹ്‌സാദിയെ ആണ് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പിന്നാലെ അവസാന ആഗ്രഹം എന്ന നിലയില്‍ ആയിരുന്നു യുവതി കുടുംബക്കാരുമായി സംസാരിച്ചത്.
അബുദാബിയിലെ അല്‍ വാതബ ജയിലില്‍ കഴിയുന്ന ഷഹ്‌സാദിയ്ക്ക് കഴിഞ്ഞ ദിവസം ആയിരുന്നു വധശിക്ഷ വിധിച്ചത്. ഇത് 24 മണിക്കൂറിനുള്ളില്‍ നടപ്പിലാക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. ഇതോടെ അവസാന ആഗ്രഹം എന്താണെന്ന് യുവതിയോട് അധികൃതർ ആരാഞ്ഞു. അപ്പോഴാണ് കുടുംബവുമായി സംസാരിക്കുന്നതിനുള്ള ആഗ്രഹം യുവതി പ്രകടിപ്പിച്ചത്. നിലവില്‍ ഏകാന്ത തടവിലാണ് ഷഹ്‌സാദി ഉള്ളത്.
ഫോണിലൂടെയായിരുന്നു യുവതി കുടുംബവുമായി സംസാരിച്ചത്. ഇത് തന്റെ അവസാനത്തെ ഫോണ്‍ കോള്‍ ആയിരിക്കുമെന്ന് യുവതി കണ്ണീരോടെ കുടുംബത്തോട് പറഞ്ഞു. ഏത് നിമിഷവും തന്റെ വധശിക്ഷ നടപ്പിലാക്കും. അവസാനത്തെ ആഗ്രഹം എന്ന നിലയിലാണ് ഈ ഫോണ്‍ കോള്‍ എന്നും യുവതി കുടുംബാംഗങ്ങളോട് പറഞ്ഞു. വളരെ വൈകാരികത നിറഞ്ഞ മുഹൂർത്തം ആയിരുന്നു ഇത്.
2021 ല്‍ ആണ് ഷഹ്‌സാദി ജോലി തേടി അബുദാബിയില്‍ എത്തിയത്. ഉസൈർ എന്ന പരിചയക്കാരന്റെ സഹായത്തോടെ ഇവർ യുഎഇയില്‍ എത്തുകയായിരുന്നു. 2020 ല്‍ സോഷ്യല്‍ മീഡിയ വഴിയാണ് യുവതി ഉസൈറുമായി അടുപ്പത്തിലായത്. വിദേശത്ത് ആഡംബര ജീവിതം നയിക്കാമെന്നും മുഖത്തെ മുറിവുകള്‍ എല്ലാം മാറ്റി സൗന്ദര്യം വീണ്ടെടുക്കാമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. ഇയാളുടെ മോഹനവാഗ്ദാനങ്ങളില്‍ ആകർഷിക്കപ്പെട്ട യുവതി യുഎഇയിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
എന്നാല്‍ യുവതിയെ ഇയാള്‍ പണത്തിന് ആഗ്ര സ്വദേശികള്‍ക്ക് വിറ്റു. ഉസൈറിന്റെ ബന്ധുക്കള്‍ കൂടിയായ ഫൈസ്- നദിയ ദമ്പതികള്‍ക്ക് ആയിരുന്നു വിറ്റത്. അവർ യുവതിയെ അബുദാബിയിലേക്ക് കൊണ്ടുപോയി.
മകനെ നോക്കുന്നതിന് വേണ്ടിയായിരുന്നു യുവതിയെ ദമ്പതികള്‍ വാങ്ങിയത്. എന്നാല്‍ അധികം വൈകാതെ കുട്ടി മരിച്ചു. ഇതോടെയാണ് ഷഹ്‌സാദിയുടെ ജീവിതം ദുരിതപൂർണം ആയത്. നാല് മാസം പ്രായമുള്ള മകന്റെ മരണത്തിന് ഉത്തരവാദി യുവതി ആണെന്നായിരുന്നു ദമ്പതികളുടെ വിചാരം. ഇതോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് എത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്കും കോടതി വിധിക്കുകയായിരുന്നു.
ഇതറിഞ്ഞ ഷഹ്‌സാദിയുടെ പിതാവ് ഷാബിർ ഖാൻ ജില്ലാ ഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. ഇതോടെ ഷഹ്‌സാദിയ്ക്ക് സഹായങ്ങള്‍ ലഭ്യമാകാൻ ആരംഭിച്ചു. ചികിത്സ നല്‍കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത് എന്ന് ഷഹ്‌സാദിയും പിതാവും വാദിച്ചു. എന്നാല്‍ ദമ്പതികള്‍ ഷഹ്‌സാദിയ്‌ക്കെതിരെ ശക്തമായി രംഗത്ത് വരികയായിരുന്നു. ഇതോടെ വധശിക്ഷ ഉന്നത കോടതികളും ശരിവച്ചു. ഇതിന് പിന്നാലെയാണ് 24 മണിക്കൂറിനുള്ളില്‍ വധശിക്ഷ നടപ്പാക്കാൻ അബുദാബി കോടതി ഉത്തരവിട്ടത്.
അതേസമയം ഷഹ്‌സാദിയുടെ ജീവൻ രക്ഷിക്കണം എന്ന ആവശ്യവുമായി കുടുംബം സർക്കാരിനെയും രാഷ്ട്രപതിയെയും സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.