മലപ്പുറത്ത് ആനന്ദ് സിങ്, കണ്ണൂരില്‍ ബിജു പ്രഭാകർ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ കോവിഡ് പ്രതിരോധം ഏകോപിപിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല. ഉദ്യോഗസ്ഥര്‍ ശനിയാഴ്ച വരെ ജില്ലകളില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
പുതിയ നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കാനും നടപ്പാക്കാനും വകുപ്പ് സെക്രട്ടറിമാര്‍ അടക്കം സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. കാസര്‍കോട് – സൗരഭ് ജെയിന്, കണ്ണൂര്‍ – ബിജു പ്രഭാകര്‍, വയനാട് – രാജേഷ് കുമാര്‍ സിന്‍ഹ, കോഴിക്കോട് – സഞ്ജയ് കൗള്‍, മലപ്പുറം – ആനന്ദ് സിങ്, പാലക്കാട് – കെ ബിജു, തൃശൂര്‍ – മുഹമ്മദ് ഹനിഷ്, എറണാകുളം – കെ.പി ജ്യോതിലാല്‍, ഇടുക്കി – രാജു നാരായണസ്വാമി, കോട്ടയം – അലി അസ്ഗര്‍ പാഷ, ആലപ്പുഴ – ശര്‍മിള മേരി ജോസഫ്, പത്തനംതിട്ട – റാണി ജോര്‍ജ്, കൊല്ലം – ടിങ്കു ബിസ്വാള്‍, തിരുവനന്തപുരം – മിനി ആന്റണി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനു പകരം ഓരോ മേഖലകള്‍ തിരിച്ചായിരിക്കും നിയന്ത്രണം. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും.
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി എല്ലാ ദിവസവും കടകള്‍ തുറക്കാനും പ്രവര്‍ത്തന സമയം കൂട്ടാനും ധാരണയായിട്ടുണ്ട്.