തലസ്ഥാനത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്‍കി. പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ട. ഗവണ്‍മെന്റ് ഐടിഐ പ്രിൻസിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകള്‍ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ട്രെയിൻ തട്ടി ഫോണ്‍ പൂർണമായി തകർന്നതിനാല്‍ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാൻ ഒരു മാസം മുൻപാണ് അവസാനമായി മേഘ നാട്ടിലെത്തിയത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പൊലീസ് നിഗമനം.