തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു.ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പേട്ട പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിട്ടുണ്ട്. യുവതിയെ കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ കൊണ്ടുപോയെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. യുവതി ലൈംഗിക അതിക്രമം നേരിട്ടതിനുള്ള തെളിവുകള്‍ കഴിഞ്ഞദിവസം കുടുംബം ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളടക്കമാണ് കൈമാറിയത്.
യുവതിയെ സുകാന്ത് സാമ്പത്തികമായ് ചൂഷണംചെയ്തിരുന്നതായും പിതാവ് ആരോപിച്ചിരുന്നു. എട്ടുമാസമായി ശമ്പളം മുഴുവൻ സുകാന്ത് തട്ടിയെടുത്തെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇതുസംബന്ധിച്ച് ഐബി, എഡിജിപി, പേട്ട പൊലീസ്, കൂടല്‍ പൊലീസ് എന്നിവിടങ്ങളില്‍ പരാതിയും നല്‍കിയിട്ടുണ്ട്. .
അതേസമയം, ഇന്നലെ മുൻകൂർ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒളിവില്‍ കഴിയവേയാണ് സുകാന്ത് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ താൻ നിരപരാധിയാണെന്നും ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് ജാമ്യാപേക്ഷയില്‍ പറയുന്നത്. ഒരിക്കല്‍പ്പോലും മോശമായി പെരുമാറിയിട്ടില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയിട്ടുള്ളത്.വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. സത്യസന്ധമായ സ്നേഹമാണ് എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. നിറഞ്ഞ പിന്തുണയും നല്‍കിയിരുന്നു എന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 24നാണ് യുവതിയെ പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ട്രെയിൻ ഇടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് സുകാന്തുമായി എട്ടുമിനിട്ടോളം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.