തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാതെ പിവി അൻവറിനെ യുഡിഎഫിലെടുക്കാമെന്ന് തീരുമാനിച്ച് കോണ്‍ഗ്രസ്.ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യോജിച്ചുനില്‍ക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് ഒരുമിച്ചുപോകാനാകില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് കണക്കിലെടുത്താണ് തീരുമാനം.
ഈ മാസം 23ന് അൻവറുമായി കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്‌ച നടത്തും. അപ്പോള്‍ ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം. എന്നാല്‍, പിവി അൻവറിന് ഒറ്റയ്‌ക്ക് യുഡിഎഫുമായി സഹകരിക്കാൻ സാദ്ധ്യമല്ലെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മറ്റന്നാളത്തെ യോഗത്തിലാവും തൃണമൂല്‍ നിലപാട് അറിയിക്കുക. വിഎസ് ജോയിയോടാണ് താല്‍പ്പര്യമെങ്കിലും യുഡിഎഫ് നിർത്തുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്‌ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അൻവർ നേരത്തേ അറിയിച്ചിരുന്നു. പകരം, ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെടുക്കണമെന്നാണ് ആവശ്യം.
ദേശീയതലത്തില്‍ ഇന്ത്യാസഖ്യം രൂപീകരിക്കാൻ കോണ്‍ഗ്രസും തൃണമൂലും ഒന്നിച്ച് നിന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തെറ്റിപ്പിരിഞ്ഞിരുന്നു. കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച തൃണമൂല്‍ നേതാവ് മമത ബാനർജി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഒറ്റയ്‌ക്കാണ് മത്സരിച്ചത്. മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന കോണ്‍ഗ്രസിനെ തൃണമൂല്‍ രൂക്ഷമായി വിമർശിച്ചതും ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി.
അവസരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തില്‍ ഒന്നിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഒറ്റയ്‌ക്ക് വന്നാല്‍ ഒപ്പം കൂട്ടാമെന്ന് കോണ്‍ഗ്രസ് നിലപാടില്‍ മമതയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അൻവർ തീരുമാനമെടുക്കുക.