കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍, മുസ്ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും ശാരീരികമായിത്തന്നെ പുറത്താക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.മുസ്ലീം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത സര്‍ക്കാര്‍. ഇത്തവണ ബംഗാളിലെ ജനങ്ങള്‍ അവരെ വേരോടെ പിഴുതെറിയുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ബിജെപി നേതാവായ സുവേന്ദു അധികാരിയുടെ പ്രസ്താവന വലിയ വിവാദമായിട്ടുണ്ട്.
സുവേന്ദു അധികാരി നടത്തിയത് വിദ്വേഷ പ്രസംഗമാണെന്നും, ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് അഭിപ്രായപ്പെട്ടു. സുവേന്ദുവിന്റെ മാനസിക സ്ഥിരതയെയും അദ്ദേഹം ചോദ്യം ചെയ്തു. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ പ്രസ്താവനയാണിത്. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള എംഎല്‍എമാരെ ശാരീരികമായി പുറത്താക്കുമെന്ന് അദ്ദേഹത്തിന് പറയാനാവില്ല. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നും കുനാല്‍ ഘോഷ് പറഞ്ഞു.
‘പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകാം. എന്നാല്‍ മതത്തെ വലിച്ചിഴച്ച് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട എംഎല്‍എമാരെ ലക്ഷ്യമിടുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇത് അപകടകരവും പ്രകോപനപരവും ദുരുപദിഷ്ടവുമാണ്. മാനസിക അസ്ഥിരത കാരണമാണ് പ്രതിപക്ഷ നേതാവ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും’ കുനാല്‍ ഘോഷ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം, ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ബിജെപിയുടെ മുദ്രാവാക്യം അവസാനിപ്പിക്കാന്‍ സുവേന്ദു അധികാരി ആവശ്യപ്പെട്ടിരുന്നു. പകരം ‘ജോ ഹമാരേ സാത്ത്, ഹം ഉങ്കേ സാത്ത്’ എന്ന മുദ്രാവാക്യം സ്വീകരിക്കണം. ബിജെപിക്ക് ന്യൂനപക്ഷ മോര്‍ച്ച ആവശ്യമില്ല എന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബംഗാളിലെ ബിജെപി നേതാക്കള്‍ ഈ നിര്‍ദേശം തള്ളിയിരുന്നു.