ന്യൂഡല്‍ഹി: ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ നോട്ട (സ്ഥാനാര്‍ഥികളില്‍ ആരോടും താല്‍പ്പര്യമില്ലെന്ന് രേഖപ്പെടുത്തല്‍) യ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചാല്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഇത്തരം സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ വിജ്ഞാപനത്തിലൂടെ അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
കേന്ദ്രനിയമമന്ത്രാലയം, ദേശീയ നിയമ കമ്മിഷന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയ്ക്കുമാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രിംകോടതി നോട്ടീസയച്ചത്. സ്ഥാനാര്‍ഥികളില്‍ ആരോടും അവിടത്തെ വോട്ടര്‍മാര്‍ക്ക് താല്‍പ്പര്യം ഇല്ലാത്തത് കൊണ്ടാണ് നോട്ടയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതെന്നും ഈ സാഹചര്യത്തില്‍ ആറുമാസത്തിനുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കമ്മിഷന് നിര്‍ദേശം കൊടുക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന സ്ഥലങ്ങളില്‍ ആ സ്ഥാനാര്‍ഥികള്‍ക്ക് മുഴുവനായി വിലക്ക് കൊണ്ടവരണമെന്ന ആവശ്യവും ഹരജിയിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ആകെ ആറരലക്ഷം വോട്ടുകളാണ് ലഭിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 1.06 ശതമാനം വരുമിത്. 36 പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഈ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 15 പാര്‍ട്ടികള്‍ക്ക് നോട്ടയുടെ അത്രപോലും വോട്ടുകള്‍ ലഭിച്ചിരുന്നില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.