വെറുക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം’: കോളേജ് യൂണിയൻ

തൃശൂർ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥികളായ ജാനകിക്കും നവീനും പിന്തുണയുമായി കോളജ് യൂനിയന്‍റെ ഗ്രൂപ്പ് ഡാൻസ്. ‘വെറുക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ വിഡിയോയും വൈറലാവുകയാണ്.

ഡാൻസ് ചെയ്ത മുഴുവൻ വിദ്യാർഥികളുടെയും പേരുകളും ഇവർ നൽകിയിട്ടുണ്ട്. ‘പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാന്‍’ എന്ന് വർഗീയവാദികളെ പരിഹസിക്കുന്നുമുണ്ട്. തൃശൂർ മെഡിക്കൽ കോളജ് ഐക്യ കോളജ് യൂണിയൻ 19-20 എന്ന പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. #stepagainsthatred എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.

നേരത്തെ, മെഡിക്കൽ കോളജ് വിദ്യാർഥികളായ ജാനകി എം. ഓംകുമാറും നവീൻ കെ. റസാഖും റാസ്പുടിൻ ഗാനത്തിന് ചുവടുവെച്ച് വിഡിയോ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ്​ വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്​. ബോണി എം ബാൻഡിന്‍റെ ‘റാ റാ റാസ്​പുടിൻ ലവർ ഓഫ്​ ദ റഷ്യൻ ക്വീൻ’ എന്ന്​ തുടങ്ങുന്ന ഗാനത്തിനാണ് ഇവർ ചുവടുവെച്ചത്.

എന്നാൽ, ഇതിനെതിരെ ‘ലൗ ജിഹാദ്’ ആരോപണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയതോടെ പാട്ടും ഡാൻസും വിവാദമാവുകയായിരുന്നു. വിദ്യാർഥികളെ പിന്തുണച്ചും വിദ്വേഷ പ്രചാരണത്തെ എതിർത്തും പ്രമുഖർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

spot_img

Related Articles

Latest news