പാലക്കാട്:ട്രഷറിയിലെ സേവിങ്സ് ബാങ്ക് ഇടപാടുകൾക്കായി നൽകുന്ന ചെക്കുകളിൽ ക്രമക്കേടുകൾക്കും ആശയക്കുഴപ്പങ്ങൾക്കും പഴുതൊരുക്കി ചെക്ക് കൊണ്ടുവരുന്നയാൾക്ക് പണം നൽകണമെന്ന് നിഷ്കർഷിക്കുന്ന ‘ഓർ ബെയറർ’ പരാമർശം ഒഴിവാക്കി. അക്കൗണ്ട് ഉടമയായ തനിക്കോ ചെക്ക് കൊണ്ടുവരുന്നയാൾക്കോ പണം കൈമാറാമെന്ന് വ്യക്തമാക്കുന്ന ‘പേ ടു സെൽഫ് ഓർ ബെയറർ’ എന്ന പൊതു പരാമർശമാണ് ട്രഷറി ചെക്കുകളിലുണ്ടായിരുന്നത്.
ഇതാകട്ടെ വലിയ സുരക്ഷാപ്രശ്നം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വന്തമായാണ് ചെക്ക് മാറാനെത്തുന്നതെങ്കിൽ ‘പേ ടു സെൽഫ്’ എന്നെഴുതണം. രണ്ടാമതൊരാളുടെ കൈവശമാണ് ചെക്ക് നൽകുന്നതെങ്കിൽ അയാളുടെ പേരും കൃത്യമായി ചെക്കിലുണ്ടാകണം. ഇത് രണ്ടുമില്ലാതെ ഇനി ചെക്ക് മാറില്ല. പകരക്കാരനാണെങ്കിൽ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമാകും ചെക്ക് മാറിനൽകുക. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി.
ഓർ ബെയറർ’ ക്രമക്കേടുകൾക്ക് പിടിവള്ളി ‘ഓർ ബെയറർ’ ഉള്ളതിനാൽ ചെക്ക് ഹാജരാക്കുന്നയാൾക്ക് മറ്റ് പരിശോധനകളൊന്നുമില്ലാതെ പണം നൽകാൻ ട്രഷറി ജീവനക്കാർ നിർബന്ധിതരായിരുന്നു. അക്കൗണ്ടുടമ ചുമതലപ്പെടുത്തിയ ആളാണോയെന്ന് സ്ഥിരീകരിക്കാൻ ഒരു മാർഗവും ട്രഷറികളിലുണ്ടായിരുന്നില്ല. അക്കൗണ്ട് ഉടമ ഒപ്പിട്ട ചെക്ക് അവിഹിതമായി കൈവശപ്പെടുത്തിയാലും കണ്ടെത്താൻ കഴിയുമായിരുന്നില്ല. തിരിച്ചറിയൽ രേഖ പരിശോധിച്ച് പണം നൽകാനുള്ള സാധ്യതയും ഈ പൊതു പരാമർശം മൂലം തടസ്സപ്പെട്ടിരുന്നു.
ട്രഷറിയിൽ സമീപ കാലത്ത് നടന്ന പല പണാപഹരണ കേസുകൾക്കും കാരണമായത് ‘ഓർ ബെയറർ’ പഴുതാണെന്നാണ് ട്രഷറി വകുപ്പിന്റെ വിലയിരുത്തൽ. ട്രഷറി നിക്ഷേപങ്ങളുടെ സുരക്ഷയെ തന്നെ ബാധിക്കും വിധം പ്രശ്നം രൂക്ഷമായതോടെയാണ് ‘ഓർ ബെയറർ’ പരാമർശം ഒഴിവാക്കിയത്. വെട്ടിക്കളയാം, പക്ഷേ ചെയ്യാറില്ല അക്കൗണ്ടുടമ നേരിട്ടാണ് ചെക്ക് മാറാൻ ഉദ്ദേശിക്കുന്നതെങ്കിൽ ‘പേ ടു സെൽഫ്’ എന്നെഴുതി ബാക്കിയുള്ള ‘ഓർ ബെയറർ’ എന്ന ഭാഗം വെട്ടിക്കണയണമെന്ന് നിർദേശമുണ്ടെങ്കിലും അധികമാരും ചെയ്യാറില്ല.
ഇനി രണ്ടാമതൊരാൾ വഴിയാണ് ചെക്ക് മാറുന്നതെങ്കിൽ ‘പേ ടു’ പകരക്കാരന്റെ പേര് ചേർക്കുകയും ‘ഓർ ബെയറർ’ വെട്ടുകയും വേണമെന്നാണ് നിർദേശം. അതും പ്രാവർത്തികമായില്ല. മറ്റൊരാളുടെ കൈവശം ചെക്ക് മാറാൻ നൽകുമ്പോൾ ചെക്കിന് പുറകിൽ അയാളുടെ ഒപ്പിട്ട ശേഷം, അക്കൗണ്ടുടമ ഇക്കാര്യം അറ്റസ്റ്റ് ചെയ്ത് നൽകണമെന്ന് നിർദേശമുണ്ടായിരുന്നു. ഇങ്ങനെ അറ്റസ്റ്റ് ചെയ്ത ചെക്കാണെങ്കിലും ‘ഓർ ബെയറർ’ ഒപ്പമുള്ളതിനാൽ മൂന്നാമതൊരാളാണ് കൊണ്ടുവരുന്നതെങ്കിലും പണം കൈപ്പറ്റാവുന്ന നിലയുണ്ടായിരുന്നു.
18-09-2025