ദോഹ: ഒരാള്‍ക്ക് കോവിഡ് ഉണ്ടോ എന്ന് മറ്റുള്ളവര്‍ക്ക് അറിയാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനാണ് ‘ഇഹ്തിറാസ്’. കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. പച്ച, ഗ്രേ, ചുവപ്പ്, മഞ്ഞ വര്‍ണങ്ങളിലൂടെയാണ് ആളുകള്‍ക്ക് ഈ ആപ് വിവരങ്ങള്‍ നല്‍കുന്നത്. പോസിറ്റിവായ ആള് ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നതോടെയാണിത്.
ആപ്പിന്റെ ബാര്‍കോഡില്‍ വിവിധ വര്ണങ്ങളാല് ഉപയോക്താവിന് കോവിഡ് സംബന്ധിച്ച് അറിയിപ്പ് നല്‍കുകയാണ് ചെയ്യുക. പച്ച വര്‍ണം ഉള്ളയാള്‍ ആരോഗ്യവാനാണ്. പോസിറ്റിവ് ആയ ആളുടെ ആപിലെ ബാര്‍കോഡിന്റെ നിറം ചുവപ്പാകും. ഗ്രേ ആണ് ഒരാള്‍ക്ക് കിട്ടുന്നതെങ്കില്‍ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാള്‍ കോവിഡ് പോസിറ്റിവ് ആണ് എന്നാണര്‍ഥം. മഞ്ഞ നിറമുള്ളയാള് ക്വാറന്റീനില്‍ ആണെന്നും സൂചിപ്പിക്കുന്നു.
ഇനിയിതാ പുതിയ സൗകര്യം കൂടി ആപില്‍ വന്നിരിക്കുന്നു. കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചയാള്‍ക്ക് ഇഹ്തിറാസ് ബാര്‍കോഡിന്റെ ചുറ്റും ഇനി സ്വര്‍ണനിറം തെളിയും. അതുമാത്രമല്ല, ബാര്‍കോഡിന് താഴെ ‘COVID19 VACCINATED’ എന്ന സ്റ്റാമ്പിങ്ങും വരും. അതായത് വാക്സിന് സ്വീകരിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ആത്മവിശ്വാസത്തിലും ധൈര്യത്തിലും ഇനി കഴിയാമെന്ന് സാരം.
വാക്സിനുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്ന ‘VACCINATION’ എന്ന പുതിയ വിന്‍ഡോ കൂടി ആപ്പിന്റെ ബാര്‍കോഡിന് മുകളില്‍ വലതുഭാഗത്ത് കാണാം. ആപ്പിൾ ഫോണില്‍ ആണെങ്കില്‍ ഇതു താഴെ ഭാഗത്തായിരിക്കും. ആദ്യ ഡോസ് സ്വീകരിച്ചയാള്‍ക്ക് അടുത്ത ഡോസിന്റെ സമയം, സ്ഥലം, ദിവസം, ഏത് വാക്സിന് തുടങ്ങിയ വിവരങ്ങളടക്കം മന്ത്രാലയം അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരിക്കും.
ഖത്തറില്‍ ഡിസംബര്‍ 23 മുതലാണ് കോവിഡ് വാക്സിന് കുത്തിവെപ്പ് കാമ്പയിന് തുടങ്ങിയത്. നിലവില്‍ 27 ഹെല്‍ത്ത് സെന്ററുകളിലും സൗകര്യമുണ്ട്. പൗരന്മാര്ക്കും പ്രവാസികള്‍ക്കുമടക്കം സൗജന്യമായാണ് കുത്തിവെപ്പ്.
വാക്സിന് സ്വീകരിക്കാനായി എല്ലാവര്ക്കും ഓണ്‍ലൈനില്‍ രജിസ്ട്രേഷന് നടത്താനുള്ള സൗകര്യം മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണിത്. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അവരവരുടെ നാഷനല്‍ ഓതന്റിഫിക്കേഷന് സിസ്റ്റം (എന്‍.എ.എസ്) തൗതീഖ് യൂസര്‍നെയിമും പാസ്വേഡും നിര്‍ബന്ധമാണ്. എന്‍.എ.എസ് അക്കൗണ്ട് നിലവില്‍ ഇല്ലാത്തവര്‍ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും.
പാസ്വേഡോ യൂസര്‍നെയിമോ മറന്നുപോയവര്‍ക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ്ചെയ്യാനുമാകും. നാലുഘട്ടമായാണ് കാമ്പയിന് നടത്തുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. എല്ലാവര്ക്കും വാക്സിന് നല്‍കുകയാണ് ലക്ഷ്യം. ഇതിനാല്‍ എല്ലാവരും വാക്സിന് സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്ത് സന്നദ്ധരായി നില്‍ക്കുകയാണ് വേണ്ടതെന്ന് മന്ത്രാലയത്തിലെ വാക്സിന് വിഭാഗം മേധാവി ഡോ. സുഹ അല്‍ബയാത് പറഞ്ഞു.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചുകഴിഞ്ഞാലും സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, ക്വാറന്റീന് തുടങ്ങിയവ തുടര്‍ന്നും പാലിക്കണം. ഖത്തറില്‍ കോവിഡ് പ്രതിരോധമേഖലയിലെ നിര്‍ണായക ചുവടുവെപ്പായിരുന്നു ‘ഇഹ്തിറാസ്’ ആപ്. രോഗത്തിന്റെ സാമൂഹികവ്യാപനം തടയാന്‍ ഇത് ഏറെ സഹായിക്കുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് രക്ഷയായതും ഈ ആപ്പാണ്. മടങ്ങുന്ന മലയാളികള്‍ക്ക് മുന്‍കൂര്‍ കോവിഡ് പരിശോധന വേണമെന്ന കേരള സര്‍ക്കാറിന്റെ ഉത്തരവ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ‘ഇഹ്തിറാസി’ല്‍ കോവിഡ് ബാധിതനല്ലെന്ന് കാണിക്കുന്ന പച്ചവര്‍ണം ഉള്ളവര്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഒടുവില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.