വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ എമ്പുരാൻ റീഎഡിറ്റഡ് വേര്‍ഷനില്‍ വെട്ടിയത് 24 ഭാഗങ്ങള്‍. സെന്‍സര്‍ രേഖയിലാണ് മാറ്റം വരുത്തിയ രംഗങ്ങളുടെ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതുമായ രംഗങ്ങള്‍ ഒഴിവാക്കി. വില്ലന്റെ പേരുമാറ്റി ബല്‍ദേവ് എന്നാക്കി, നന്ദി കാര്‍ഡില്‍നിന്ന് സുരേഷ് ഗോപിയുടെ പേര് നീക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന രംഗം നീക്കി.
റീഎഡിറ്റഡ് വേര്‍ഷന്‍ ബുധനാഴ്ചയായിരിക്കും പ്രദര്‍ശനത്തിനെത്തുക. നേരത്തെ 17 ഇടത്ത് മാറ്റം വരുത്തുമെന്നായിരുന്നെങ്കിലും 24 ഇടത്ത് മാറ്റം വരുത്തിയതായി രേഖകളില്‍ വ്യക്തമാക്കുന്നു. ബിജെപിക്കാര്‍ വിമര്‍ശനമുന്നയിച്ച ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സീനുകളിലാണ് മാറ്റം വരുത്തിയതിലേറെയും.
ടൈറ്റില്‍ കാര്‍ഡില്‍നിന്ന് സുരേഷ് ഗോപിക്ക് പുറമെ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും മാറ്റി. വിവാദത്തിനു പിന്നാലെ സുരേഷ് ഗോപിയുടെ നിര്‍ദേശ പ്രകാരമാണ് പേര് നീക്കിയതെന്നാണ് വിവരം. എന്‍.ഐ.എ വരുന്നതായി കാണിക്കുന്ന രംഗം മ്യൂട്ട് ചെയ്തു.
റീജനല്‍ സെന്‍സര്‍ മാനേജരുടെ മേല്‍നോട്ടത്തിലാണ് എഡിറ്റിങ് നടത്തിയത്. പല ഭാഗത്തും ഡബ്ബിങ് ഉള്‍പ്പെടെ പുതുതായി ചെയ്യേണ്ടി വന്നതിനാല്‍ പുതിയ വേര്‍ഷന്‍ മുന്‍ നിശ്ചയിച്ചതു പ്രകാരം ചൊവ്വാഴ്ച തിയേറ്ററുകളില്‍ എത്തില്ല. രണ്ടാം ഭാഗത്തിന്റെ കൂടി എഡിറ്റിങ് പൂര്‍ത്തിയാക്കി ബുധനാഴ്ചയാകും ‘കടുംവെട്ടേറ്റ’ എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുക.