2006ലെ ഒരു ഹിമാലയന്‍ യാത്രയില്‍ ഉത്തരകാശിയില്‍ കുറച്ചു ദിവസം തങ്ങാന്‍ ഇടയായി. ആ ആശ്രമത്തില്‍ രണ്ട് ആചാര്യന്മാര് ബ്രഹ്മചാരികളെ വിദ്യ അഭ്യസിപ്പിക്കുന്നുണ്ടായിരുന്നു. ശൈത്യകാലമായതിനാല്‍ പകല്‍പോലും മരം കോച്ചുന്ന തണുപ്പുളള ഉത്തരകാശിയില്‍ യുവാവായ ഒരു സന്ന്യാസി ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ബ്രഹ്മചാരികളെ പഠിപ്പിക്കുന്നു. ആ യുവസന്ന്യാസി മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ കൗതുകം തോന്നി. അദ്ദേഹത്തിന്റെ പേരാണ് ഹരിബ്രഹ്മേന്ദ്രാനന്ദതീര്‍ത്ഥ. കുട്ടിസ്വാമിയെന്ന് അറിയപ്പെട്ടിരുന്ന യുവസന്ന്യാസിയുടെ പ്രസ്ഥാന ത്രയത്തിലുള്ള (ബ്രഹ്മസൂത്രം,ഭഗവത്ഗീത,ഉപനിഷത്തുക്കള്‍) പാണ്ഡിത്യം എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തേയും അദ്ദേഹത്തെപ്പോലുള്ള കുറച്ച് ആചാര്യന്മാരേയും തിരുവനന്തപുരത്ത് കൊണ്ടുവന്ന് കേരളീയര്‍ക്ക് ശ്രീ ശങ്കരന്റെ അദ്വൈത വേദാന്തം കേള്‍പ്പിക്കണമെന്ന ആഗ്രഹം അവിടെ തുടങ്ങി. 2011 ല്‍ ആദ്യമായി ഋഷിസംഗമം വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് സാധുഗോപാലസ്വാമി ആശ്രമത്തില്‍വച്ച് നടത്തുകയും ചെയ്തു. അതിനുശേഷം 2013ലും 2015ലും 2017ലും 2019ലും ഹിമാലയ ഋഷിസംഗമം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടത്തുകയും ജിജ്ഞാസുക്കളായ നൂറുക്കണക്കിനാളുകള്‍ ഇതില്‍ പങ്കെടുക്കുകയും ധന്യരായിത്തീരുകയും ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ആരംഭിച്ച ഋഷിസംഗമം തൈത്തരീയം, ഐതരേയം, ഗീത രണ്ടാം അദ്ധ്യായം എന്നിവയുടെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ നാളെ സമാപിക്കും. ഇനി അടുത്ത ഋഷിസംഗമത്തിനായുള്ള കാത്തിരിപ്പാണ്.