കോഴിക്കോട്; വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. രാജനെ അടുത്ത് അറിയാവുന്ന ആളാണ് കൊലപാതകം നടത്തിയത് എന്നാണ് സൂചന. പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
കടക്കുള്ളില്‍ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. രാജന്റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് വടകര പഴയ സ്റ്റാന്‍ഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജന്‍ കടയടച്ച് വീട്ടിലെത്താതായതോടെയണ് ബന്ധുക്കള്‍ ഇയാളെ അന്വേഷിച്ച് കടയില്‍ എത്തിയത്.
നീല ഷര്‍ട്ട് ധരിച്ച ആള്‍ കൂടെ
അതിനിടെ, രാജന്‍ രാത്രി ഒമ്ബത് മണിക് ശേഷം ബൈക്കില്‍ കടയിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ദൃശ്യങ്ങളില്‍ രാജനൊപ്പം മറ്റൊരാള്‍ കൂടി ബൈക്കിലുണ്ട്. രാജനൊപ്പം ഇന്നലെ രാത്രിയില്‍ മറ്റൊരാള്‍ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകന്‍ വെളിപ്പെടുത്തി. നീല ഷര്‍ട്ട് ധരിച്ചയാളാണ് രാജനൊപ്പം ഇന്നലെ കടയില്‍ ഉണ്ടായിരുന്നതെന്നും അശോകന്‍ പറഞ്ഞു. ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല.
രാത്രി താന്‍ വൈകി കടപൂട്ടുന്ന സമയത്ത് രാജന്‍ വാഹനവുമായി പുറത്തേക്ക് പോകാനിറങ്ങി. കടയടക്കാന്‍ പോകുകയാണോയെന്ന് ഈ സമയത്ത് രാജനോട് ചോദിച്ചപ്പോള്‍ പുറത്ത് പോയി ഉടന്‍ മടങ്ങി വരുമെന്നാണ് മറുപടി നല്‍കിയതെന്നും അശോകന്‍ വിശദീകരിച്ചു. രാജന്‍ പുറത്തേക്കു പോയ സമയത്തും ഇയാള്‍ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നും പിന്നീടെന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അശോകന്‍ വിശദീകരിച്ചു.