നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ എച്ച് ടി ഐ (ഹോഗർ ടെക്നോളോജിസ് ആൻഡ് ഇന്നോവേഷൻസ്) കമ്പനിയുടെ കീഴിൽ ആരംഭിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ സ്ത്രീകൾക്ക് ടെക്നോളജി വീട്ടുപകരണങ്ങളിൽ നൈപുണ്യ പരീശീലനം നൽകുന്നതിലൂടെ സ്വയം വരുമാനം കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. വീട്ടമ്മമാർക്കും, സ്ഥിര ജോലിയുള്ള വനിതകൾക്കും എല്ലാം ഒരു ദിവസം ഒരു മണിക്കൂർ സമയം ചിലവഴിക്കുന്നതിലൂടെ അധിക വരുമാനം നേടാൻ ഇതിലൂടെ സാധ്യമാകും. മൈഡ് ഇൻ ഇന്ത്യ, എമർജിങ് കേരള പദ്ധതികൾക്ക് സഹായകമായി ഓരോ വീടുകളും ഉത്പാദന കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പദ്ധതി, വ്യക്തി, സമൂഹം, രാജ്യം തുടങ്ങിയവയുടെ സാമ്പത്തിക – സാംസ്കാരിക ഉന്നമനത്തിനു ഏറെ സഹായകമായേക്കും.
തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ്, ഡോ. മുഹമ്മദ് അബ്ദുൽ ഹകിം അസ്ഹരി, ഡോ. അബ്ദുസ്സലാം, അഡ്വ. തൻവീർ, ഡോ. നിസാം, ഡോ. ഹംസ അഞ്ചുമുക്കിൽ, മുഹമ്മദ് നാസിം തുടങ്ങിയവർ സംബന്ധിക്കും.