സംസ്ഥാനത്തെ വാണിജ്യ-ടൂറിസം മേഖലയ്ക്ക് കുതിപ്പേകാൻ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: നിർമ്മാണോദ്ഘാടനം  മുഖ്യമന്ത്രി നിർവ്വഹിച്ചു

മേപ്പാടി: സംസ്ഥാനത്തെ വാണിജ്യ, ടൂറിസം, ഗതാഗത മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആനക്കാംപൊയിൽ സെൻ്റ് മേരിസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തുരങ്കപാത നിർമ്മാണോദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കപാതയായി മാറുന്ന ഈ പദ്ധതി 8.7 കിലോമീറ്റർ നീളത്തിൽ നാലുവരി റോഡായി നിർമ്മിക്കുകയാണ്. 2134 കോടി രൂപ ചെലവഴിച്ച് കിഫ്ബിയുടെ കീഴിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഇത്. സംസ്ഥാനത്ത് ഒൻപത് വർഷത്തിനിടെ 90,000 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന പൂർത്തിയാക്കിയതെന്നും, സർക്കാർ അധികാരത്തിലെത്തിയപ്പോൾ 50,000 കോടിയുടെ പദ്ധതികൾ ലക്ഷ്യമിട്ടിരുന്നുവെങ്കിലും 2024-ൽ 62,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുജനങ്ങളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ദേശീയപാതകൾ, മലയോര ഹൈവേ, ദേശീയ ജലപാത വികസനം അതിവേഗം പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും വയനാടിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും തുരങ്കപാത സഹായകരമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 4.5 ലക്ഷം വീടുകൾ നിർമിക്കുകയും, 60 വയസിന് മുകളിലുള്ള 60 ലക്ഷം പേർക്ക് പ്രതിമാസം 1600 രൂപ വീതം വിതരണം ചെയ്യുകയും ചെയ്തതായി അദ്ദേഹം ഓർമ്മിപ്പിച്ചു. വരും തലമുറയ്ക്ക് മെച്ചപ്പെട്ട പരിസ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും കൈമാറുക സർക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, വനം മന്ത്രി എ.കെ ശശീന്ദ്രൻ, ക്ഷേമമന്ത്രി ഒ.ആർ കേളു, എം.എൽ.എമാരായ ടി. സിദ്ധിഖ്, ലിന്റോ ജോസഫ്, പി.ടി.എ റഹീം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

spot_img

Related Articles

Latest news