പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിൽ നിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ കേരള നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കുമെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ക്ഷീരകർഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ക്ഷീരകർഷകരെ കൈപിടിച്ച് ഉയർത്തുന്ന പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാരും മിൽമയും മുന്നോട്ടുപോകുന്നത്. കോവിഡ് കാലത്ത് ഏറെ കഷ്ടതകൾ സഹിച്ചും ക്ഷീരകർഷകർ തങ്ങളുടെ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു.
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന ഈ കർഷകരുടെ മേലാണ് കേന്ദ്ര സർക്കാർ ആദായ നികുതിയുടെ പേരിൽ അമിതഭാരം അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ല. കേന്ദ്രനടപടി പിൻവലിക്കുന്നതു വരെ ശക്തമായ നിലപാടുമായി കേരളം മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.